കല്ലമ്പലം: ദേശീയപാതയിൽ തട്ടുപാലത്തു നിന്ന് നാവായിക്കുളം പള്ളിക്കൽ റോഡിൽ നാവായിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂളിനും ക്ഷീരോദ്പാദക സംഘത്തിനും മദ്ധ്യേ റോഡിലെ കുഴിയും വെള്ളക്കെട്ടും നാട്ടുകാർക്കും യാത്രക്കാർക്കും ബുദ്ധിമുട്ടാകുന്നു. മൂന്നു വർഷത്തിന് മുൻപ് റോഡിന്റെ നവീകരണം നടന്നതു മുതൽ റോഡിന്റെ സ്ഥിതി ഇതാണ്. മഴപെയ്താൽ വെള്ളക്കെട്ടാണ്. മഴയില്ലെങ്കിലും അമിതവേഗതയിൽ വരുന്ന വാഹനങ്ങൾ റോഡിലെ ഈ ചപ്പാത്തിൽ കയറിയിറങ്ങുമ്പോൾ നിയന്ത്രണം തെറ്റുക പതിവാണ്. അപകടങ്ങളും നിത്യ സംഭവമാണ്. നിരവധി തവണ നാട്ടുകാർ പരാതി നൽകിയെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും നടപടിയുണ്ടായില്ല. ഇന്റർലോക്കിട്ട് വഴി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.