ബാലരാമപുരം: ബാക്ക്വേഡ് ബ്രെയിൻ സൈക്കിളിലും പെന്നിഫാർത്തിംഗ് സൈക്കിളിലും കൈകൾ നേരായ ദിശയിലും വിപരീത ദിശയിലും കറക്കി ലോക റെക്കാഡിട്ട ഗിന്നസ് കുമാറിന്റെ കുടുംബത്തിൽ ഒരു റെക്കാഡുകൂടി . ഒരു മിനിട്ടിനുള്ളിൽ ഒരേസമയം കൈകൾ നേരായ ദിശയിലും വിപരീതദിശയിലും 81 തവണ കറക്കി ഗിന്നസ് കുമാറിന്റെ ഭാര്യാമാതാവ് കണ്ണമ്മൂല സ്വദേശിയായ 78 കാരി കെ.എസ്.ശ്യാമളയാണ് ലോക റെക്കാഡ് നേടിയത്.
ഇൻക്രഡിബിൾ ബുക്ക് ഓഫ് റെക്കാഡ്സിൽ അപൂർവ്വവിജയം കൈവരിക്കുന്ന ആദ്യവനിതയെന്ന നേട്ടവും ഇനി ഈ വൃദ്ധയ്ക്ക് സ്വന്തം. 22 വർഷം മുമ്പ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഓപ്പൺ വാൽവടോമി ശസ്ത്രക്രിയക്ക് വിധേയായ ശ്യാമള ഈ പ്രായത്തിലും ഇത്തരത്തിൽ ഒരു പരീക്ഷണം നടത്തിയത് കുടുംബത്തിനും അവിശ്വസനീയമായി. ഗിന്നസ്കുമാറിന്റെ പ്രചോദനമാണ് ഈ അപൂർവ്വനേട്ടത്തിന് അർഹയാക്കിയെന്ന് ശ്യാമള പറഞ്ഞു.
ഗിന്നസ്കുമാറിന്റെ മാതാവ് നാഗർകോവിൽ നേശമണി നഗറിൽ എഴുപത്തിമൂന്നുകാരി വി.മുത്തുലക്ഷ്മി കൈകൾ നേർദിശയിലും വിപരീത ദിശയിലും അറുപത് സെക്കന്റിനുള്ളിൽ 117 തവണ കറക്കി ഇൻക്രഡിബിൾ ബുക്ക് ഓഫ് റെക്കാർഡിൽ ഇടം നേടിയതോടെ ഗിന്നസ്കുമാറിന്റെ കുടുംബം പത്ത് ലോകറെക്കാഡ് സ്വന്തമാക്കിയിരിക്കുകയാണ്. ലോകത്ത് തന്നെ ഇത് ആദ്യസംഭവമാണ്. സമൂഹമാദ്ധ്യമങ്ങളിലെല്ലാം ഇതിനോടകം തന്നെ ഇത് വലിയ ചർച്ചയായിട്ടുണ്ട്.
ബാക്ക് വേഡ് ബ്രെയിൻ സൈക്കിളിൽ കാൽ നിലം തൊടാതെ 7.89 കിലോമീറ്ററും പെന്നി ഫാർത്തിംഗ് സൈക്കിളിൽ 12.8 കിലോമീറ്ററും താണ്ടിയാണ് ഗിന്നസ് കുമാർ ലോകറെക്കാഡിട്ടത്. ഫിസിയോ തെറാപ്പിസ്റ്റായ ഇദ്ദേഹം ഫാമിലി ഹെൽത്ത് കെയർ ആൻഡ് ക്യൂയറിലെ പ്രോജക്ട് മാനേജരാണ്. ഭാര്യ കോസ്മോപൊളിറ്റൻ ഹോസ്പിറ്റലിലെ ഡയറ്റീഷ്യനായ വിജയലക്ഷ്മി 60 സെക്കൻഡിൽ 165 പ്രാവശ്യം കൈകൾ നേരായ ദിശയിലും വിപരീത ദിശയിലും കറക്കി ലോക റെക്കാഡ് കരസ്ഥമാക്കിയിട്ടുണ്ട്. ദമ്പതികളുടെ റെക്കാഡ് പാത പിൻതുടർന്ന്മകൾ ഒൻപതാം ക്ളാസുകാരിയായ വി.കെ. കാർത്തിക 60 സെക്കൻഡിൽ 89 പ്രാവശ്യം കൈകൾ ഇരുദിശയിലും കറക്കിയും , ഇളയമകളായ വി.കെ. ദേവിക നാല് വയസുള്ളപ്പോൾ സ്കൂളിലെ ഓണാഘോഷത്തിൽ കഥകളി അവതരിപ്പിച്ചും ശ്രദ്ധാകേന്ദ്രമായിരുന്നു .