ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെ മുൻ ചെയർമാനും മുതിർന്ന സി.പി.എം നേതാവുമായ ഡി. ജയറാം വിടപറഞ്ഞിട്ട് രണ്ടുവർഷം. ഇന്ന് ലളിതമായി സംഘടിപ്പിക്കുന്ന അനുസ്‌മരണച്ചടങ്ങിൽ ആനത്തലവട്ടം ആനന്ദൻ, എ. സമ്പത്ത് തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ അനുസ്മരണ സന്ദേശം അയയ്ക്കും. തൊഴിലാളി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ ജയറാം കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായപ്പോൾ സി.പി.എമ്മിനൊപ്പം നിന്നു. പിന്നീട് ആറ്റിങ്ങലിൽ പാർട്ടിയെ മുന്നിൽ നിന്ന് നയിക്കുന്നവരിലൊരാളായി. 1988 മുതൽ 1995 വരെ ആറ്റിങ്ങൽ നഗരസഭയുടെ ചെയർമാനായിരുന്നു. 1997 മുതൽ 2008 വരെ സി.പി.എം.ആറ്റിങ്ങൽ ഏരിയാസെക്രട്ടറിയായും പ്രവർത്തിച്ചു. ഇന്ന് സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചനയും ഫലവൃക്ഷത്തൈകളുടെയും വിത്തുകളുടെയും വിതരണവും നടക്കും. സുഭിക്ഷകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് ഡി. ജയറാമിന്റെ ഓർമ്മയ്ക്കായി ഒരേക്കർ ഭൂമിയിൽ കൃഷിയിറക്കും.