വിതുര: കൊവിഡ് സ്ഥിരീകരിച്ച വെള്ളനാട് സ്വദേശിയായ സി.ആർ.പി.എഫ് ജവാൻ തൊളിക്കോട് പഞ്ചായത്തിലെ നാഗരയിൽ സന്ദർശനം നടത്തി മടങ്ങിയത് ഗ്രാമവാസികളെ ഭീതിയിലാഴ്ത്തി. ജൂൺ 16 നാണ് 31കാരനായ ജവാൻ ജന്മനാടായ വെള്ളനാട് എത്തിയത്. തുടർന്ന് ആരോഗ്യവകുപ്പിൻെറ നിർദ്ദേശത്തെ തുടർന്ന് 16 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞു. ജൂൺ 29 ന് കൊവിഡ് പരിശോധന നടത്തി. ഫലം വരുന്നതിന് മുൻപ് ഭാര്യ ഗൃഹമായ തൊളിക്കോട് നാഗരയിൽ എത്തുകയും രണ്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കാണുകയും ചെയ്തതായാണ് വിവരം.
ഭാര്യയെയും കൂട്ടിയേയും കൂട്ടി ക്ഷേത്ര സന്ദർശനം നടത്തുകയും ചെയ്തതായും വിവരം ലഭിച്ചിട്ടുണ്ട്. ജൂലായ് മൂന്നിന് ജവാന്റെ കൊവിഡ് ടെസ്റ്റ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഇതോടെയാണ് നാഗരയും വെള്ളനാട് മേഖലയും ഭീതിയിലായത്. ജവാനെ വീണ്ടും ക്വാറന്റൈനിലാക്കിയിരിക്കുകയാണ്. തൊളിക്കോട് നാഗരയിലെ വീട്ടിലുള്ള ഭാര്യയേയും കുട്ടിയേയും ബന്ധുക്കളെയും ആരോഗ്യവകുപ്പും പഞ്ചായത്തും എത്തി ക്വാറന്റൈനിലാക്കി. പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രദേശം ശുചീകരിച്ചു. ജവാൻ സന്ദർശിച്ച മേഖലകൾ കണ്ടെത്തി റൂട്ട് മാപ്പ് തയ്യാറാക്കുവാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.