ആര്യനാട്:എക്സൈസ് സംഘത്തിനെക്കണ്ട് ഓടുന്നതിനിടെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയടി സ്വദേശി രാജേന്ദ്രൻ കാണിയുടെ (51) മരണത്തിൽ വകുപ്പുതല അന്വേഷണം പൂർത്തിയായി. അഡിഷണൽ എക്സൈസ് കമ്മിഷണറായിരുന്ന സാം ക്രിസ്റ്റി ഡാനിയേൽ അന്വേഷണ റിപ്പോർട്ട് കമ്മിഷണർക്ക് കൈമാറി.
പരിശോധനയ്ക്ക് എത്തിയ എക്സൈസ് സംഘത്തെ കണ്ട് രാജേന്ദ്രൻ കാണി ഇറങ്ങി ഓടുകയും എക്സൈസ് കുറച്ച് ദൂരം പിൻതുടരുകയും ചെയ്തെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ എക്‌സൈസ് രാജേന്ദ്രൻ കാണിയുടെ അടുത്തെത്തുകയോ അറസ്റ്റുചെയ്യുകയോ ഉണ്ടായില്ല. പരാതി ഉണ്ടാകുമ്പോൾ പരിശോധിക്കാൻ എത്തുന്നത് ഉദ്യോഗസ്ഥരുടെ ജോലി ആയതിനാൽ എക്സൈസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായെന്ന് പറയാനാകില്ല. ഈ കേസിൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ 27നാണ് നെടുമങ്ങാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം രാജേന്ദ്രൻ കാണിയുടെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്. രാത്രിയോടെ ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് വീടിന് സമീപത്തായുള്ള തോട്ടിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.സംഭവത്തിന് ശേഷം എക്സൈസ് സംഘത്തിനെതിരെ ശക്തമായ പ്രതിഷേധവും ഉണ്ടായി.