ആ​റ്റിങ്ങൽ: കുളം നവീകരണോദ്ഘാടനത്തിന് ആൾക്കൂട്ടമുണ്ടായെന്ന പരാതിയെ തുടർന്ന് ബി. സത്യൻ എം.എൽ.എയ്‌ക്കെതിരെ കേസെടുക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകി. അവനവഞ്ചേരി ഹാപ്പിയിൽ ശ്രീരംഗൻ നൽകിയ ഹർജിയിൽ ആ​റ്റിങ്ങൽ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേ​റ്റ് (1) കോടതിയാണ് നിർദ്ദേശം നൽകിയത്. കാരക്കാച്ചി അലക്കുകുളം നവീകരണത്തിന്റെ ഉദ്ഘാടനം ജൂൺ 10നാണ് നടന്നത്. എം.എൽ.എ ആയിരുന്നു ഉദ്ഘാടകൻ. കൊവിഡ് നിയന്ത്റണങ്ങൾ ലംഘിച്ച് നൂറോളം ആളുകൾ ഇവിടെ എത്തിയെന്നാണ് പരാതി. റൂറൽ എസ്.പി, ഡിവൈ.എസ്.പി, സി.ഐ എന്നിവരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് ഹർജിയിൽ പറയുന്നു. എം.എൽ.എയ്‌ക്ക് പുറമേ നഗരസഭാ വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ, കൗൺസിലർ സി.ജെ. രാജേഷ്‌കുമാർ എന്നിവരെയും കണ്ടാലറിയാവുന്ന 100ഓളം പേരെയും പ്രതികളാക്കി കേസെടുക്കണമെന്നാണ് ആവശ്യം. സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച് തുടർ നടപടികളെടുക്കുമെന്ന് സി.ഐ വി.വി. ദിപിൻ അറിയിച്ചു.