tunnel

തിരുവനന്തപുരം: നമ്മുടെ വീടിന്റെ അടി ഭാഗത്തുകൂടി ട്രെയിൻ ഓടിക്കാനാവുമോ..? സംശയിക്കേണ്ട. കേരളത്തിന്റെ അതിവേഗ റെയിൽപ്പാത കടന്നുപോകുന്നത് ആയിരം വീടുകൾക്ക് അടിയിലൂടെയായിരിക്കും. കൂറ്റൻ കോൺക്രീറ്റ് പെട്ടികൾ സ്ഥാപിച്ച് അതിനുള്ളിലൂടെ ട്രെയിൻ കടന്നുപോകും. സ്ഥലം ഏറ്റെടുക്കാതെയും വീടുകൾ പൊളിക്കാതെയും ഇതു സാധ്യമാവും. അത്യാധുനിക കട്ട് ആൻഡ് കവർ ബോക്സ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. പണി നടക്കുമ്പോൾ വീട്ടുകാർ മാറി താമസിക്കേണ്ടിവരും.

ഒരു ബോക്സ് ഒരു ദിവസം പരമാവധി അരമീറ്ററേ ഉരുട്ടിക്കയറ്റാനാവൂ. 50 മീറ്റർ തുരന്നുപോകാൻ 100ദിവസമെടുക്കും. ദേശീയപാതയും റെയിൽപ്പാതയും മറികടക്കേണ്ടിടത്തും ഈ മാർഗം സ്വീകരിക്കും.കൊല്ലം ചാത്തന്നൂരിൽ ദേശീയപാത മുറിക്കാനും കുണ്ടറയിൽ ട്രാക്ക് ക്രോസിംഗിനുമെല്ലാം ഇതു വേണ്ടിവരും.

കുന്നുകൾ, നഗരങ്ങൾ എന്നിവിടങ്ങളിൽ ടണലുകളും നിർമ്മിക്കും. കുന്നിടിക്കരുതെന്ന് സർക്കാ‌ർ നിർദ്ദേശമുണ്ട്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ടണലിനുള്ളിലായിരിക്കും. കല്ലായിയിലെ കൊടുംവളവ് ഒഴിവാക്കാൻ സ്റ്റേഷന് മുമ്പുംശേഷവും ഏഴ് കിലോമീറ്റർ ടണൽ നിർമ്മിക്കും. നഗരമദ്ധ്യത്തിൽ ഭൂമിയേറ്റെടുക്കേണ്ടി വരില്ല. വയലുകൾ നികത്തുന്നതൊഴിവാക്കാൻ 88കിലോമീറ്റർ മേൽപ്പാലവും നിർമ്മിക്കും.താഴ്ന്നപ്രദേശങ്ങൾ മണ്ണിട്ട് നികത്താതെ പില്ലറുകളിലൂടെ പാത നിർമ്മിക്കും. തൃശൂർ സ്റ്റേഷൻ പില്ലറിനു മുകളിലായിരിക്കും.

കോൺക്രീറ്റ് പെട്ടികൾ

കെട്ടിടങ്ങൾ, വ്യാപാരസമുച്ചയങ്ങൾ, വീടുകൾ എന്നിവയ്ക്ക് അടിയിൽ 12മീറ്റർ വരെ ആഴത്തിൽ കോൺക്രീറ്റ് പെട്ടികൾ പാകും. വീടിന്റെ അടിത്തറയിൽ നിന്ന് ഒരു മീറ്റർ താഴെയാവും ബോക്സിന്റെ മുകൾത്തട്ട്. 12 മീറ്റർ വീതിയും 9മീറ്റർ ഉയരവുമുള്ളതാണ് കൂറ്റൻ കോൺക്രീറ്റ് ബോക്സുകൾ. ന്യൂമാറ്റിക് ജാക്ക് ഉപയോഗിച്ച് ഉയർത്തിയശേഷം റോളറുപയോഗിച്ചാണ് തള്ളുക.

ചെലവ്

# കട്ട് ആൻഡ് കവർ ബോക്സ്

ദൈർഘ്യം:25കി.മീ.

കിലോമീറ്ററിന് 30കോടി

# പില്ലർ ലൈൻ

ദൈർഘ്യം: 88കി.മീ.

കിലോമീറ്ററിന് 37കോടി

# ടണൽ ലൈൻ

ദൈർഘ്യം:19കി.മീ.

ടണൽ ബോറിംഗ് മെഷീനായാൽ: 150കോടി (കിലോമീറ്ററിന് )

ന്യൂ ആസ്ട്രേലിയൻ ടണൽ രീതി: 70കോടി (കിലോമീറ്ററിന് )