കുളത്തൂർ: മുൻ മുഖ്യമന്ത്രിയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അമരക്കാരനുമായിരുന്ന ആർ. ശങ്കറിന്റെ സ്‌മരണാർത്ഥം കുഴിവിളയിൽ സ്ഥാപിച്ച ആർ. ശങ്കർ മെമ്മോറിയൽ ആൻഡ് കൾച്ചറൽ സെന്ററിന്റെ പ്രവേശനകവാടം ഉൾപ്പെടുന്ന സ്ഥലം സ്വകാര്യ വ്യക്തി കൈയേറി മതിൽ കെട്ടിയതായി പരാതി. ഇക്കഴിഞ്ഞ ജൂൺ 22നായിരുന്നു സംഭവം. അർദ്ധരാത്രിയിൽ 25ഓളം പേരുടെ നേതൃത്വത്തിൽ നടന്ന കൈയേറ്റം തടയാൻ ചെന്ന ഉടമ കുഴിവിള ജംഗ്‌ഷനിൽ വസന്തത്തിൽ രാജേന്ദ്രനെ ഇവർ തടഞ്ഞു. തുടർന്ന് കുടുംബം തുമ്പ പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്ഥലം കൈയേറി മതിൽ കെട്ടിയ സുധീർ സുകുമാരൻ എന്നയാൾക്കും കണ്ടാലറിയാവുന്ന 20 പേർക്കുമെതിരെ തുമ്പ പൊലീസ് കേസെടുത്തു. 35 വർഷമായി രാജേന്ദ്രന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണിത്. രാജേന്ദ്രന്റെ അച്ഛൻ ആലുവിള കുട്ടപ്പൻ മുതലാളിയുടെ സഹോദരി തങ്കമ്മയ്ക്ക് കുടുംബ ഓഹരിയായി ലഭിച്ച 15 സെന്റ് സ്ഥലം 1986ലാണ് രാജേന്ദ്രന്റെ ഭാര്യയും ബാങ്ക് ഉദ്യോഗസ്ഥയുമായ വസന്തകുമാരി ആർ. ശങ്കർ മെമ്മോറിയൽ കൾച്ചറൽ സെന്റർ സ്ഥാപിക്കാൻ വാങ്ങിയത്. 1994ൽ സെന്ററിന്റെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചു. എന്നാൽ താൻ നിയമം ലംഘിച്ച് ഒന്നും ചെയ്‌തിട്ടില്ലെന്നാണ് സുധീറിന്റെ വാദം. കൾച്ചറൽ സെന്ററിന്റെ സമീപത്തുള്ള ഹീരാ കൺസ്ട്രക്ഷൻ കമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 80 സെന്റ് സ്ഥലം ബാങ്ക് വ്യവഹാരത്തെ തുടർന്ന് ലേലം ചെയ്‌തിരുന്നു. സ്ഥലം ലേലത്തിൽ പിടിച്ചത് സുധീറായിരുന്നു. ബാങ്കിൽ നിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് മതിൽ കെട്ടിയടച്ചതെന്നാണ് ഇയാൾ പറയുന്നത്. എന്നാൽ വർഷങ്ങൾക്ക് മുമ്പ് കൺസ്ട്രക്ഷൻ കമ്പനി സ്ഥലം വാങ്ങുന്ന സമയത്ത് കൾച്ചറൽ സെന്റർ ഉൾപ്പെടെ സമീപത്തെ പത്തോളം സ്ഥലമുടമകൾ ചേർന്ന് റോഡ് നിർമാണത്തിനായി സ്ഥലം വിട്ടുനൽകിയിരുന്നു. ആക്കുളം - മെഡിക്കൽ കോളേജ് ബൈപാസ് റോഡ് നിർമ്മാണഘട്ടത്തിൽ കൾച്ചറൽ സെന്ററിലേക്ക് പോകാനായി പി.ഡബ്ല്യു.ഡി ഈ റോഡിലേക്ക് ഒരു കോൺക്രീറ്റ് റാമ്പും നിർമ്മിച്ചിരുന്നു. റോഡ് അവസാനിക്കുന്നത് കൾച്ചറൽ സെന്ററിന് മുന്നിലാണ്. ഈ ഭാഗമാണ് ഇപ്പോൾ കൈയേറിയിരിക്കുന്നത്. കൾച്ചറൽ സെന്ററിന് അവകാശപ്പെട്ട സ്ഥലമാണ് കൈയേറിയതെന്ന് തെളിയിക്കുന്ന രേഖകൾ തങ്ങളുടെ പക്കലുണ്ടെന്നും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.