തിരുവനന്തപുരം: ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ നഗരത്തിലെ സ്ഥിതി അതീവ ഗുരുതരമായി. ഇന്നലെവരെ 28 പേർക്കാണ് ഉറവിടം വ്യക്തമല്ലാതെ രോഗം ബാധിച്ചത്. ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത് നഗരം സമൂഹവ്യാപനത്തിന്റെ വക്കിലാണെന്ന ആശങ്കയേറി. പൊലീസുകാരന് രോഗം സ്ഥിരീകരിച്ച നന്ദാവനം എ.ആർ.ക്യാമ്പിലെ ക്യാന്റീൻ മൂന്നു ദിവസത്തേക്ക് അടച്ചു. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലുൾപ്പെടെ നിയന്ത്രണങ്ങൾ കടുപ്പിച്ചു. പൊലീസുകാരനും പരുത്തിക്കുഴി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് എ.ആർ ക്യാമ്പ്,പരുത്തിക്കുഴി,പൂന്തുറ പ്രദേശങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി.രോഗം ബാധിച്ച പൊലീസുകാരൻ 27ന് വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു പൊലീസുകാരനൊപ്പം ജോലി ചെയ്തതായി കണ്ടെത്തി.ഈ പൊലീസുകാരന് ആന്റിബോഡി പരിശോധനയിൽ പോസിറ്റീവ് ആയതിനെ തുടർന്ന് വിശദപരിശോധനയ്ക്കായി സ്രവം എടുത്തു.
പരിശോധന ശക്തം
കണ്ടെയ്ൻമെന്റ് സോണുകളിൽ കനത്ത ജാഗ്രതയിലാണ് പൊലീസ്. ഇവിടങ്ങളിലും അതീവ ജാഗ്രത നിർദേശമുള്ള സ്ഥലങ്ങളിലും പരിശോധന ശക്തമാക്കി.ആൾക്കൂട്ടം കൂടുകയോ സാമൂഹിക അകലം പാലിക്കാതെ കടകളിൽ പ്രവേശിച്ചാലോ ഉടൻ നടപടിയെടുക്കും. കടകളിലും മാർക്കറ്റുകളിലും നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോയെന്നറിയാൻ കോർപറേഷനും പരിശോധന നടത്തും.കടകൾ 7ന് തന്നെ അടയ്ക്കണം.നിയന്ത്രണങ്ങളെ സംബന്ധിച്ച് അറിയിപ്പുകൾ കടകൾക്ക് നൽകിയിട്ടുണ്ടെന്നും കണ്ടെയ്ൻമെന്റ് സോണുകളിൽ സ്രവ പരിശോധനയും അണുവിമുക്തമാക്കലും നടത്തുന്നുണ്ടെന്നും മേയർ കെ.ശ്രീകുമാർ അറിയിച്ചു.
101 പൊലീസുകാരുടെ സ്രവം പരിശോധനയ്ക്കെടുത്തു
നന്ദാവനം എ.ആർ ക്യാമ്പിലെ പൊലീസുകാരന് കൊവിഡ് ബാധിച്ചതിന് പിന്നാലെ 101 പൊലീസുകാരുടെ സ്രവം പരിശോധനയ്ക്ക് എടുത്തു. ഇയാളുമായി നേരിട്ട് സമ്പർക്കമുണ്ടായ 28 പൊലീസുകാർ ക്വാറന്റൈനിലാണ്. ഇവരുൾപ്പെടെയാണ് 101പേരുടെ സ്രവം ശേഖരിച്ചത്. പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും.കൂടുതൽ പൊലീസുകാർക്ക് രോഗബാധയുണ്ടായാൽ ക്യാമ്പ് അടച്ചിടാനാണ് ആലോചന.
കണ്ടെയ്‌ൻമെന്റ് സോണുകൾ
നഗരൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം നമ്പർ വാർഡായ ചെമ്മരുത്തി മുക്ക്, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പത്താംനമ്പർ വാർഡായ കുറുവാര, പാറശാല ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം നമ്പർ വാർഡായ വാണിയകോട്, പാറശാല ഗ്രാമപഞ്ചായത്തിലെ 16ാം വാർഡായ ഇഞ്ചിവിള എന്നിവയാണ് ഇന്നലെ പ്രഖ്യാപിച്ച പുതിയ കണ്ടെയ്‌ൻമെന്റ് സോണുകൾ. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ വാർഡ് 17 (വഴുതൂർ), ബാലരാമപുരം ഗ്രാമപ്പഞ്ചായത്തിലെ അഞ്ചാം വാർഡ് (തലയൽ). തിരുവനന്തപുരം കോർപറേഷനിലെ വാർഡ് 66 (പൂന്തുറ), വാർഡ് 82 (വഞ്ചിയൂർ മേഖലയിലെ അത്താണി ലെയ്ൻ), വാർഡ് 27 (പാളയം വാർഡിലെ പാളയം മാർക്കറ്റ് ഏരിയ, സാഫല്യം ഷോപ്പിംഗ് കോംപ്ലക്‌സ്, റസിഡൻഷ്യൽ ഏരിയ പാരിസ് ലെയ്ൻ) എന്നിവയും പട്ടികിയിലുണ്ട്. നിലവിൽ കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള ആറ്റുകാൽ (വാർഡ് - 70 ), കുരിയാത്തി (വാർഡ് - 73), കളിപ്പാൻകുളം (വാർഡ് - 69, മണക്കാട് (വാർഡ് - 72), തൃക്കണ്ണാപുരം വാർഡിലെ (വാർഡ് -48), ടാഗോർ റോഡ്, മുട്ടത്തറ വാർഡിലെ (വാർഡ് - 78), പുത്തൻപാലം എന്നിവിടങ്ങൾ ഒരാഴ്ച കൂടി കണ്ടെയ്‌ൻമെന്റ് സോണുകളായി തുടരും. ഇവിടങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ പൊതുജനങ്ങൾ പുറത്തിറങ്ങരുതെന്ന് ജില്ലാകളക്ടർ നിർദ്ദേശിച്ചു.
സെക്രട്ടേറിയറ്റിന് മുന്നിൽ ജോലി ചെയ്ത പൊലീസുകാരന് കൊവിഡ് ബാധിച്ചത് സമരക്കാരിൽ നിന്നാകാം. ഇയാളുടെ വീട്ടുകാർക്കോ ക്യാംപിലുള്ള മറ്റ് പൊലീസുകാർക്കോ ഇതുവരെ രോഗബാധയില്ല. അടുത്ത രണ്ട് ദിവസം തലസ്ഥാനത്തിന് നിർണായകമാണ്
- മന്ത്രി കടകംപള്ളി സുരേന്ദ്രൻ
സമൂഹവ്യാപനത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ല. പക്ഷേ, കേസുകൾ കൂടുന്നത് ആശങ്കയുണ്ടാക്കുന്നു. ഇന്നലെ മുതൽ ആന്റിജൻ പരിശോധന തുടങ്ങി. വരും ദിവസങ്ങൾ നിർണായകം
- നവജ്യോത് ഖോസ, ജില്ലാകളക്ടർ