തിരുവനന്തപുരം:ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു.ഇന്നലെ 16 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു.നാല് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.ഇവരിൽ മൂന്ന് പേർക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരിൽ സൊമാറ്റോ ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയിലെ യുവാവിനും കുമരിച്ചന്ത മത്സ്യമാർക്കറ്റിലെ ജീവനക്കാരനും ഉൾപ്പെട്ടിട്ടുണ്ട്. സൊമാറ്രോയിൽ ഡെലിവറി ബോയി ആയി ജോലി ചെയ്യുന്ന കുന്നത്തുകാൽ എരവൂർ സ്വദേശി (37)പാളയം പരിസരത്ത് ഭക്ഷണവിതരണം നടത്തിയിരുന്നു. പാളയം മത്സ്യമാർക്കറ്റിന്റെ പിന്നിലെ ലോഡ്ജിലായിരുന്നു താമസം. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.
പൂന്തുറ പൊലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന 66 കാരൻ രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് വീട്ടുനിരീക്ഷണത്തിലായിരുന്നു. സഹോദരനൊഴികെ ആരുമായും നേരിട്ടുബന്ധപ്പെട്ടിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇയാൾക്ക് യാത്രാപശ്ചാത്തലമില്ല.മെഡിക്കൽ റെപ്രസന്റേറ്റീവായി ജോലി നോക്കുന്ന പൂന്തുറ പൊലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന 27 കാരനും സമ്പർക്കത്തിലൂടെയാണ് രോഗബാധ.ഇയാൾ കഴക്കൂട്ടം പരിസരത്തെ ആശുപത്രികളിലും നാലാഞ്ചിറയിലെ ഒരു ആശുപത്രിയും സന്ദർശിച്ചിട്ടുണ്ട്. കുമരിച്ചന്ത മത്സ്യ മാർക്കറ്റിലെ ജീവനക്കാരനായ കല്ലാട്ടുമുക്ക് സ്വദേശി (31) ബുധനാഴ്ചയാണ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിയത്. ഇയാൾക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച മത്സ്യവ്യാപാരിയിൽ നിന്നാകാം രോഗബാധയുണ്ടായതെന്നാണ് കരുതുന്നത്.
ഈ മാസം രണ്ടിന് റിയാദിൽ നിന്നെത്തിയ മലയം,കുന്നുവിള സ്വദേശി (32), ജൂൺ 29ന് സൗദിയിൽ നിന്നെത്തിയ കന്യാകുമാരി കുഴിവിള സ്വദേശി (51), 26ന് ദുബായിൽ നിന്നെത്തിയ അഞ്ചുതെങ്ങ് സ്വദേശി (26), 26ന് കുവൈറ്റിൽ നിന്നുമെത്തിയ തുമ്പ സ്വദേശി (45),കന്യാകുമാരി, തഞ്ചാവൂർ സ്വദേശി (29),കഠിനംകുളം സ്വദേശിനി (62), 29ന് ഖത്തറിൽ നിന്നെത്തിയ വെട്ടുതറ സ്വദേശി, യു.എ.ഇയിൽ നിന്നെത്തിയ ഇടവ സ്വദേശി (22),കുവൈറ്റിൽ നിന്നെത്തിയ കഠിനംകുളം സ്വദേശി (39),ഖത്തറിൽ നിന്നും 25ന് എത്തിയ ആലപ്പുഴ, മാവേലിക്കര സ്വദേശിനി (53), കുവൈറ്റിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി (30), കുവൈറ്റിൽ നിന്നും 26നെത്തിയ ഉഴമലയ്ക്കൽ സ്വദേശി (36) എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ. ജില്ലയിൽ പുതുതായി 1,068 പേർ രോഗനിരീക്ഷണത്തിലായി. 1,059 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. വിവിധ ആശുപത്രികളിൽ രോഗലക്ഷണങ്ങളുമായി 57 പേരെ പ്രവേശിപ്പിച്ചു. 34 പേരെ ഡിസ്ചാർജ് ചെയ്തു.
ആകെ നിരീക്ഷണത്തിലുള്ളവർ - 20,299
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ - 18,047
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ - 256
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ - 1,996
ഇന്നലെ പുതുതായി നിരീക്ഷണത്തിലായവർ -1,068