വർക്കല: നടയറ ഗവ. മുസ്ലിം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ആമിനയ്ക്ക് വൈകിയാണെങ്കിലും കറണ്ടും ലഭിച്ചു, ഓൺലൈൻ പഠനത്തിന് ടിവിയും കിട്ടി. വർക്കല നടയറ പുതുവൽ പുത്തൻവീട്ടിൽ ഷമീമഉമ്മയുടെ വികലാംഗയായ മകളുടെ മകളാണ് ആമിന. കഴിഞ്ഞ 35 വർഷമായി ടി.എസ് കനാലിന്റെ ഓരത്തുള്ള ഷമീമ ഉമ്മയുടെ വീട്ടിൽ വൈദ്യുതിയില്ല. മാത്രവുമല്ല ഏതു സമയത്തും നിലംപൊത്താവുന്ന തീരെ ചെറിയൊരു വീടാണ് ഇവരുടേത്. ഓലകൊണ്ടുള്ള മേൽക്കൂര അപ്പാടെ നശിച്ചു. നനയാതിരിക്കാൻ ടാർപോളിൻ കൊണ്ട് പൊതിഞ്ഞു കെട്ടിയിരിക്കുകയാണ്. വീടിനായി ഇപ്പോൾ ലൈഫ് പദ്ധതിയിൽ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെയാണ് കൊവിഡ് മഹാമാരിയെ തുടർന്ന് സ്കൂളുകളിലെ വിദ്യാഭ്യാസം ഓൺലൈനാക്കിയത്. ഓൺലൈൻ ക്ലാസുകൾ തുടങ്ങിയെങ്കിലും ആമിനയുടെ വീട്ടിൽ കറണ്ടുമില്ല, ടിവിയുമില്ല. ഇക്കാര്യം സ്കൂളധികൃതരെ അറിയിച്ചു. തുടർന്ന് സംഗതി ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് സ്കൂളധികൃതർ വിവരം അഡ്വ. വി. ജോയി എം.എൽ.എയെ അറിയിച്ചു. അദ്ദേഹം കെ.എസ്.ഇ.ബി വർക്കല അസി. എക്സി. എൻജിനിയറെ അറിയിച്ചു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചശേഷം വൈദ്യുതി കണക്ഷൻ നൽകുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു. വീട് വയറിംഗ് നടത്തി രണ്ട് പോസ്റ്റ് സ്ഥാപിച്ചാണ് ആമിനയുടെ വീട്ടിൽ വൈദ്യുതി കണക്ഷൻ നൽകിയത്. വൈദ്യുതി കിട്ടിയതോടെ സ്കൂളധികൃതർ ആമിനയ്ക്ക് ടിവിയും നൽകി. അഡ്വ. ജോയി എം.എൽ.എയാണ് ആമിനയുടെ വീട്ടിലെത്തി വൈദ്യുതദീപം തെളിച്ചത്. കെ.എസ്.ഇ.ബി അസി.എക്സി. എൻജിനിയർ റിജു, അസി. എൻജിനിയർ സുരേന്ദ്രൻ നായർ, സജീബ്, മുബാഷ്, റഫിക്ക്, മാഷിദ, ഹയറുന്നിസ തുടങ്ങിയവരും പങ്കെടുത്തു.