തിരുവനന്തപുരം: നഗരത്തിൽ സാമൂഹിക വ്യാപനം തടയാൻ കണ്ടെയ്ൻമെന്റ് സോണുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കണമെന്ന് വി.എസ്.ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം നഗരം സമ്പൂർണമായി അടച്ചിടേണ്ട സാഹചര്യമുണ്ടാകും. കണ്ടെയ്‌ൻമെന്റ് സോണുകളിലേക്ക് പുറത്തു നിന്നും ആളുകൾ വന്നുപോകുന്നതിന് നിരവധി മാർഗങ്ങളുണ്ട്. അത് നിയന്ത്രിക്കുന്നതിന് ട്രിപ്പിൾ ലോക്ക് ഡൗണിലൂടെ സാധിക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ വീണ്ടും സമ്പർക്ക രോഗബാധിതർ വർദ്ധിക്കുന്ന സാഹചര്യം ഗൗരവമുള്ളതാണ്. കന്യാകുമാരിയിൽ നിന്നുൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് യാതൊരു പരിശോധനയുമില്ലാതെയാണ് നൂറുകണക്കിനാളുകൾ ദിനംപ്രതി തലസ്ഥാനത്ത് വന്നുപോകുന്നത്. ഇവരെ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് യാതൊരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല. കണ്ടെയ്ൻമെന്റ് സോണുകളിൽപ്പോലും പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരെ മുഴുവൻ സ്രവപരിശോധനയ്ക്ക് വിധേയമാക്കാനോ സമയബന്ധിതമായി പരിശോധനാഫലം ലഭ്യമാക്കാനോ ശ്രമിക്കുന്നില്ല. അതിനായി കൂടുതൽ മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റുകൾ സജ്ജമാക്കണം.തമിഴ്നാട്ടിൽ പ്രതിദിനം 35000 പരിശോധനകൾ നടത്തുമ്പോൾ കേരളത്തിൽ 15000 പരിശോധനകളെങ്കിലും നടത്തേണ്ടതാണ്. എന്നാൽ ഇവിടെ കേവലം 4000 പരിശോധനകൾ മാത്രമാണ് നടക്കുന്നതെന്നും ശിവകുമാർ പറഞ്ഞു.