covid

തിരുവനന്തപുരം: കൊവിഡ് സമൂഹ വ്യാപനത്തിന്റെ വക്കിലെത്തിയ തിരുവനന്തപുരത്ത് ഉറവിടമറിയാത്ത രോഗ ബാധിതരുടെ എണ്ണം കൂടി വരുന്നു. ഇന്നലെ ഓൺലൈൻ ഭക്ഷണം വിതരണം ചെയ്യുന്ന ആൾക്കും മെഡിക്കൽ റെപ്രസെന്റീവിനും, പൂന്തുറ സ്വദേശിയായ 66 കാരനും ഉറവിടം അറിയാതെ രോഗം ബാധിച്ചത് ആശങ്ക ഇരട്ടിപ്പിക്കുന്നു.

തലസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 40 ആണ്.

രണ്ടു ദിവസത്തിനുള്ളിൽ 33 പേർക്കാണ് രോഗം സ്ഥീരികരിച്ചത്.

രോഗം സ്ഥിരീകരിച്ച കുന്നത്തുകാൽ ഏരവൂർ സ്വദേശിയായ 37കാരൻ സൊമാറ്റോ ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനത്തിൽ ഡെലിവറി ബോയി ആണ്.

പാളയത്തും പരിസരത്തും ഇയാൾ ഭക്ഷണവിതരണം നടത്തി. പാളയം മത്സ്യമാർക്കറ്റിന്റെ പിന്നിലെ ലോഡ്‌ജിലായിരുന്നു താമസം. എവിടെയൊക്കെ ഭക്ഷണം നൽകിയെന്നറിയാൻ റൂട്ട് മാപ്പ് വരുന്നതുവരെ കാക്കണം.

പുറത്തിറങ്ങി ഹോട്ടലുകളിൽ നിന്ന് ഭക്ഷണം വാങ്ങുന്നത് ഒഴിവാക്കാൻ ഓൺലൈൻ ഭക്ഷണ വിതരണം സർക്കാർ പ്രോത്സാഹിപ്പിച്ചതാണ്. എന്നാൽ ഈ സംഭവത്തോടെ ഓൺലൈൻ വഴി ഭക്ഷണം വാങ്ങിയവരെല്ലാം ആശങ്കയിലാകും. ഓൺലൈൻ വ്യാപാരവും പ്രതിസന്ധിയിലായേക്കാം.

പൂന്തുറ പൊലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന 27കാരൻ മെഡിക്കൽ റെപ്രസന്റേറ്റീവ് കഴക്കൂട്ടം പരിസരത്തെ ആശുപത്രികളിലും നാലാഞ്ചിറ കെ.ജെ.കെ ആശുപത്രിയിലും പോയിരുന്നു. പൂന്തുറ സ്വദേശിയായ 66 കാരനും രോഗം ബാധിച്ചത് എവിടെ നിന്നെന്നറിയില്ല. ഇയാൾക്ക് യാത്രാ പശ്ചാത്തലവുമില്ല. നേരത്തെ മത്സ്യവ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ച കുമരിച്ചന്തയിൽ ഇന്നലെ ഒരാൾക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മാർക്കറ്റുമായി ബന്ധപ്പെട്ട എല്ലാവരും ആശങ്കയിലായി.

കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരൻ 27ന് വിമാനത്താവളത്തിൽ മറ്റൊരു പൊലീസുകാരനൊപ്പം ജോലി ചെയ്തതായി കണ്ടെത്തി. ഈ പൊലീസുകാരൻ ആന്റിബോഡി പരിശോധനയിൽ പോസിറ്റിവ് ആയതിനെ തുടർന്ന് വിശദപരിശോധനയ്ക്കായി സ്രവം എടുത്തു. ആകെ 101 പൊലീസുകാരുടെ സ്രവം എടുത്തു. ഇയാളുമായി നേരിട്ട് സമ്പർക്കമുണ്ടായ 28 പൊലീസുകാർ ക്വാറന്റൈനിലാണ്