തിരുവനന്തപുരം: മതിയായ വ്യക്തി സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ സിറ്റി പൊലീസിൽ കൊവിഡ് രോഗഭീതി പടരുകയാണ്. കരിക്കകത്തെ കണ്ടെയ്ൻമെന്റ് സോണിൽ ഡ്യൂട്ടിയെടുത്ത എ.ആർ ക്യാമ്പിലെ പൊലീസുകാരന് കൊവിഡ് ബാധിച്ചതിന് പിന്നാലെ വിജിലൻസിൽ നിന്നെത്തി ഈ പൊലീസുകാരനൊപ്പം കണ്ടെയ്ൻമെന്റ് സോണിൽ ജോലിചെയ്ത മറ്റൊരു പൊലീസുകാരനും വിമാനത്താവളത്തിൽ ഡ്യൂട്ടി ചെയ്ത ഒരു പൊലീസുകാരനും രോഗലക്ഷണങ്ങളോടെ ക്വാറന്റൈനിലാണ്. ഇതിലൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വിവരമുണ്ട്. രോഗപ്രതിരോധത്തിൽ സിറ്റി പൊലീസിലെ ഉന്നതർ കടുത്ത അലംഭാവമാണ് കാട്ടുന്നതെന്നാണ് ആരോപണം.
വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുള്ളവർക്കെല്ലാം പി.പി.ഇ കിറ്റുകൾ നൽകുന്നില്ല. ടെർമിനലിനുള്ളിൽ ഡ്യൂട്ടിയുള്ളവർക്ക് മാത്രമാണ് കിറ്റ്. പുറത്ത് ഡ്യൂട്ടിയുള്ളവർ ഗ്ലൗസും മാസ്കുമെല്ലാം സ്വന്തം ചെലവിൽ വാങ്ങി ഉപയോഗിക്കുകയാണ്. രോഗബാധിതനായ പൊലീസുകാരന്റെ യൂണിറ്റായ നന്ദാവനം എ.ആർ ക്യാമ്പിലും ആശങ്കയാണ്. അമിതമായ ഡ്യൂട്ടിക്ക് പുറമെ ആവശ്യമായ രോഗപ്രതിരോധമൊരുക്കാത്തതും പൊലീസുകാരെ ആശങ്കയിലാക്കുന്നു. ഒരു വിഭാഗം പൊലീസുകാർ ഗാർഡ് തുടങ്ങിയ ജോലികൾ സ്ഥിരമായി കൈയടക്കുന്നതായും ചിലരെ മാത്രം സ്ഥിരമായി കണ്ടെയ്ൻമെന്റ് സോണുകളിൽ നിയോഗിക്കുന്നതായും ആരോപണമുണ്ട്. അശാസ്ത്രീയമായ പ്രതിരോധ സംവിധാനങ്ങളാണ് സിറ്റി പൊലീസ് ഉന്നതർ സജ്ജമാക്കുന്നതെന്നും ആക്ഷേപമുയരുന്നു.
നിസംഗതയിൽ അസി.കമ്മിഷണർ
കരിക്കകത്ത് ഡ്യൂട്ടിയെടുത്ത ശേഷം രോഗബാധിതനായ പൊലീസുകാരൻ പേട്ട സ്റ്റേഷനിൽ വിശ്രമിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ, ആ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്നവരെ ക്വാറന്റൈനിലാക്കണമെന്ന് ശുപാർശയുണ്ടായെങ്കിലും ശംഖുംമുഖം അസി.കമ്മിഷണർ ഐശ്വര്യ ദോംഗ്രെ അനുവദിച്ചില്ല. എല്ലാവരും ഡ്യൂട്ടിക്കെത്തണമെന്നായിരുന്നു നിർദ്ദേശം. പക്ഷേ, പേട്ട സ്റ്റേഷനിൽ നിന്ന് ആരും തന്റെ ഓഫീസിലേക്ക് വരരുതെന്ന് അസി.കമ്മിഷണർ നിർദ്ദേശിച്ചു. തപാൽ അയയ്ക്കുന്നതിന് പകരം ഇ-മെയിൽ അയയ്ക്കാനും നിർദ്ദേശിച്ചു.