തിരുവനന്തപുരം: ഇറ്റാലിയൻ നാവികർ നിരപരാധികളായ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസിൽ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഗൗരവത്തോടെയുള്ള ഇടപെടൽ തുടക്കത്തിലോ അന്താരാഷ്ട്ര ട്രൈബ്യൂണലിലെ നടപടികളിലോ ഉണ്ടായില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച ഇ-മെയിലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. കേസിൽ മത്സ്യത്തൊഴിലാളികൾക്ക് നീതി ലഭ്യമാക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേസിലെ പ്രതികളെ ഇന്ത്യൻ കോടതിയിൽ വിചാരണ ചെയ്യാൻ പറ്റില്ലെന്ന വിധി ട്രൈബ്യൂണലിൽ നിന്നുണ്ടായത് ഞെട്ടിക്കുന്നതാണ്. കുറ്റവാളികൾ ഇറ്റലിയിലെ കോടതിയിൽ നീതിപൂർവ്വമായി വിചാരണ ചെയ്യപ്പെടുമെന്ന് ഉറപ്പാക്കാൻ അന്താരാഷ്ട്രതലത്തിൽ കേന്ദ്രസർക്കാർ സമ്മർദ്ദമുയർത്തണം.
പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിന് മതിയായ നഷ്ടപരിഹാരം ലഭിക്കാൻ ഇന്ത്യക്ക് അവകാശമുണ്ടെന്ന് ട്രൈബ്യൂണൽ വിധിച്ചിട്ടുണ്ട്. ഉയർന്ന നഷ്ടപരിഹാരം ലഭിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.