k-surendran

തിരുവനന്തപുരം: മലയോര മേഖലയിൽ ഭൂമാഫിയയ്ക്കും ക്വാറിമാഫിയയ്ക്കും അഴിഞ്ഞാടാൻ സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. നെയ്യാർഡാമിൽ ചേങ്കോട്ടുകോണം ശ്രീരാമദാസമിഷന്റെ അധീനതയിലുള്ള മരക്കുന്നം കുന്നിൽ മഹാദേവക്ഷേത്രഭൂമിയും സമീപത്തുള്ള കുടുംബങ്ങളുടെ ഭൂമിയും കയ്യേറാനുള്ള സ്വകാര്യ കമ്പനിയുടെ നീക്കം സർക്കാർ തടയണമെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സത്യാനന്ദസരസ്വതി സ്വാമിയുടെ പേരിൽ വിലയാധാരമായി വാങ്ങിയ ഭൂമിയിലാണ് ക്ഷേത്രം നിലനിൽക്കുന്നത്. ഇവിടെയാണ് സ്വകാര്യ കമ്പനി കേരളാ വാട്ടർ അതോറിട്ടിയുടെ 400 കോടിയുടെ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പേരിൽ ക്ഷേത്രവും ക്ഷേത്രഭൂമിയും സമീപത്തുള്ള ഭൂമിയും കയ്യടക്കാൻ ശ്രമിക്കുന്നത്. സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ഭൂമി കൂടി ഏറ്റെടുക്കാനാണ് നീക്കം. ഇതിനെതിരെ ഒരു യുവാവ് അത്മഹത്യാശ്രമവും നടത്തി.
വികസനത്തിന്റെ പേരിൽ സർക്കാർ സംവിധാനമുപയോഗിച്ച് ഭൂമാഫിയ വ്യാപകമായി മലയോര മേഖലയിൽ ഭൂമി കയ്യേറുകയാണ്. ക്ഷേത്ര വിശ്വാസികളോടുള്ള പിണറായി വിജയൻ സർക്കാരിന്റെ നിഷേധാത്മക സമീപനമാണ് ഇതിലൂടെ പുറത്തുവരുന്നത്. പ്രദേശത്തെ പാവങ്ങളുടെ കിടപ്പാടത്തിനു സർക്കാർ സംരക്ഷണം നൽകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.