തിരുവനന്തപുരം: വിമാനത്താവളങ്ങളിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് പി.പി.ഇ കിറ്റുകൾ ഉൾപ്പെടെയുളള സുരക്ഷാ ഉപകരണവും ഭക്ഷണവും ലഭ്യമാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. വിമാനത്താവളങ്ങളിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ മറ്റ് ഡ്യൂട്ടികൾക്ക് നിയോഗിക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
പ്രത്യേക ഡ്യൂട്ടികൾക്ക് നിയോഗിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനുമായി സമ്പർക്കം പുലർത്തേണ്ടതില്ല. പ്രതികളെ അറസ്റ്റ് ചെയ്യുക മുതലായ നടപടികൾ അത്യാവശ്യ സന്ദർഭങ്ങളിലേ ആകാവൂ.
കണ്ടെയ്മെന്റ് സോണുകളിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ ആന്റിജൻ ടെസ്റ്റിന് വിധേയരാക്കണം. സ്റ്റേഷനും വാഹനങ്ങളും അണുവിമുക്തമാക്കണം. കഴിയുന്നതും പൊതുജനങ്ങൾ പൊലീസ് സ്റ്റേഷനിൽ എത്താതെ തന്നെ സേവനം നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഡി.ജി.പി നിർദ്ദേശിച്ചു.