തിരുവനന്തപുരം :തീരദേശമേഖലയിലുണ്ടാകുന്ന തിരക്ക് സാമൂഹ്യവ്യാപനത്തിന് കാരണമുണ്ടാകുന്നതായി സൂചന.പൂന്തുറ,വിഴിഞ്ഞം , വലിയതുറ മേഖലയിലുണ്ടാകുന്ന തിരക്കും നിയന്ത്രണങ്ങളുടെ ലംഘനവുമാണ് രോഗവ്യാപനത്തിന് കാരണമാകുന്നതായി ആശങ്ക ഉയർത്തുന്നത്. പൂന്തുറയിൽ അടുത്ത ദിവസങ്ങളിലായി അഞ്ചുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്.കന്യാകുമാരിയിൽ നിന്നും കുമരിച്ചന്തയിൽ മീൻ എത്തിച്ചു വില്പന നടത്തിയ പൂന്തുറ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നാലുപേർക്കാണ് രോഗമുണ്ടായത്.ആദ്യത്തെ കൊവിഡ് കേസ് ഇവിടെ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ കുമരിച്ചന്ത അടച്ചെങ്കിലും രോഗബാധിതനുമായി പ്രത്യക്ഷമായോ പരോക്ഷമായ ബന്ധപ്പെട്ടവർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ ട്രോളിംഗ് നിരോധനമായതിനാൽ ചെറുവള്ളങ്ങളിൽ കടലിൽ പോകുന്ന മത്സ്യ തൊഴിലാളികൾ മീനുമായി എത്തുന്ന സ്ഥലമാണ് വിഴിഞ്ഞം.മീൻവാങ്ങാനായി ഏറ്റവും കൂടുതൽ പേർ എത്തുന്ന സ്ഥലം കൂടിയാണിത്.പലപ്പോഴും ഇവിടെയുണ്ടാകുന്ന അനിയന്ത്രിതമായ തിരക്കും രോഗവ്യാപനത്തിന് കാരണമാകുമെന്ന് റിപ്പോർട്ടുണ്ട്.വലിയതുറ മേഖലയിലും സമാനമായ സാഹചര്യമാണുള്ളത്.
പൂന്തുറയിൽ അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചതോടെ തീരദേശമേഖലയിൽ കൂടുതൽ നിയന്ത്രണവും ശ്രദ്ധയും കൊണ്ടുവരണമെന്ന് ആവശ്യമുയരുകയാണ്.രോഗം റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളിൽ മാത്രം കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിക്കുന്നതിനൊപ്പം ചുറ്റുപാടുമുള്ള വാർഡുകൾ കൂടി പൂർണമായും അടച്ചിട്ടാലേ രോഗവ്യാപന സാദ്ധ്യത കുറയ്‌ക്കാൻ കഴിയൂവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.