തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ ചെറുക്കാൻ സർക്കാർ കഠിയനപ്രയ്‌തനം നടത്തുന്നതിനിടെ പൊലീസിൽ അനാസ്ഥ. വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ച എ.ആർ. ക്യാമ്പിലെ പൊലീസുകാരനുമായി സമ്പർക്കത്തിലേർപ്പെട്ട പേട്ട സ്റ്റേഷനിലെ പൊലീസുകാരെ ക്വാറന്റൈനിൽ അയയ്ക്കാതെയാണ് സിറ്റി പൊലീസ് ഭാഗ്യപരീക്ഷണം നടത്തുന്നത്. പേട്ട സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെ 11പേർ ഇദ്ദേഹവുമായി നേരിട്ട് ഇടപഴകിയിട്ടുണ്ടെന്നാണ് വിവരം. ഇത്തരം ഘട്ടങ്ങളിൽ സംശയത്തിന് ഇടനൽകാത്തവിധം ജീവനക്കാരെ ക്വാറന്റൈനിൽ അയയ്ക്കമെന്ന സർക്കാർ നിർദ്ദേശം നിലനിൽക്കെയാണിത്. കൊവിഡ് സ്ഥിരീകരിച്ചതോടെ സ്റ്റേഷൻ പരിസരത്ത് അണുനശീകരണം നടത്തിയെങ്കിലും പൊലീസുകാരെ ക്വാറന്റൈനിൽ അയയ്ക്കാൻ തയ്യാറായില്ല. കഴിഞ്ഞമാസം 27ന് കടകംപള്ളി കണ്ടെയ്ൻമെന്റ് സോണിലേക്ക് ഡ്യൂട്ടിക്ക് നിയോഗിച്ച എ.ആർ ക്യാമ്പിലെ 10പേരിലൊരാൾക്കാണ് കൊവിഡ് ബാധിച്ചത്. 27ന് രാവിലെ സ്റ്റേഷനിലെത്തിയ ഇയാളും ഒപ്പമുള്ളവരും ഏറെ നേരം ചെലവഴിക്കുകയും ബാരക്കിൽ വിശ്രമിക്കുകയും ചെയ്‌തു. തുടർന്ന് സ്റ്റേഷനിലെ ജീപ്പിൽ എസ്.ഐക്കും മറ്റ് മൂന്നു പൊലീസുകാർക്കുമൊപ്പമാണ് ഇദ്ദേഹത്തെ കണ്ടെയ്ൻമെന്റ് സോണിലെ ഡ്യൂട്ടി പോയിന്റിലെത്തിച്ചത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീണ്ടും സ്റ്റേഷനിലെത്തി. ബാരക്കിൽ വിശ്രമിച്ച ശേഷമാണ് വീണ്ടും ഡ്യൂട്ടി സ്ഥലത്തേക്ക് മടങ്ങിയത്. രാത്രി എട്ടോടെ ഡ്യൂട്ടി കഴിഞ്ഞ് ഇദ്ദേഹം സ്റ്റേഷനിലെത്തി. അതേസമയം ഒരുവാതിൽകോട്ട പോയിന്റിലേക്ക് നൈറ്റ്ഡ്യൂട്ടിക്ക് പോയ എ.ആർ ക്യാമ്പിലെ മറ്റൊരു പൊലീസുകാരന്റെ ബൈക്ക് അപകടത്തിൽപ്പെട്ടു. ചെറിയ പരിക്കേറ്റ അദ്ദേഹം ആട്ടോയിൽ പേട്ട സ്റ്റേഷന് മുന്നിലെത്തി. ഡ്യൂട്ടി കഴിഞ്ഞ് പോകാൻ നിന്ന കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരൻ ആട്ടോയിൽ ഒപ്പം കയറി പരിക്കേറ്റയാളെ ജൂബിലി ആശുപത്രിയിലെത്തിക്കുകയും ചെയ്‌തു. തുടർന്ന് 28മുതലാണ് ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞത്. 30ന് സ്രവം പരിശോധിച്ചു. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചു.
'പേട്ട സ്റ്റേഷനിലുള്ളവരെ ക്വാറന്റൈനിൽ അയയ്ക്കണമെന്ന നിർദ്ദേശം ലഭിച്ചിട്ടില്ല. ഇവരെ പരിശോധിച്ച ശേഷം ആവശ്യമുണ്ടങ്കിൽ അയയ്ക്കാമെന്നാണ് ജില്ലാ ആരോഗ്യവകുപ്പ് നൽകിയ അറിയിപ്പ്.'
- ഐശ്വര്യ ഡോംഗ്രേ, അസി.കമ്മിഷണർ, ശംഖുംമുഖം