തിരുവനന്തപുരം: നഗരത്തിൽ സമ്പർക്കത്തിലൂടെ ഇന്നലെ നാല് കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിലടക്കം നഗരസഭ നിയന്ത്രണങ്ങൾ ശക്തമാക്കി. പാളയം മത്സ്യമാർക്കറ്റിന് പിന്നിലെ ലോഡ്‌ജിൽ താമസിച്ചിരുന്ന ഓൺലൈൻ ഫുഡ് ഡെലിവറി ബോയിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ടെയ്‌ൻമെന്റ് സോണുകളിൽ ഓൺലൈൻ ഭക്ഷണ വിതരണം താത്കാലികമായി നിറുത്തിവയ്ക്കുമെന്ന് മേയർ കെ. ശ്രീകുമാർ അറിയിച്ചു.

നഗരത്തിന്റെ മറ്റ് പ്രദേശങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണത്തിന് കാഷ് ഓൺ ഡെലിവറി അനുവദിക്കില്ല.
ഭക്ഷണ വിതരണം നടത്തുന്നവർ വീടുകളിൽ കയറാൻ പാടില്ല. വീടിന് പുറത്ത് ഭക്ഷണം സ്വീകരിക്കുന്നതിനായി വീട്ടുകാർ പ്രത്യേകം സൗകര്യം ഒരുക്കണം. ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ കൃത്യമായ മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങൾ നിർബന്ധമായും ധരിക്കണം. പൂന്തുറ മേഖലയിൽ സമ്പർക്കം മൂലം രണ്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൂന്തുറ ഹെൽത്ത് സർക്കിൾ കേന്ദ്രീകരിച്ച് നഗരസഭയുടെ പ്രത്യേക കൺട്രോൾ റൂം തുറക്കുന്നതോടൊപ്പം

ഒരു സ്‌പെഷ്യൽ ഹെൽത്ത് സ്‌ക്വാഡ് കൂടി പ്രവർത്തിക്കും. പൂന്തുറ മേഖലയിലെ ആളുകളിൽ നിന്ന് കൊവിഡിനെതിരെ ജാഗ്രതക്കുറവ് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ആളുകൾ ഗൗരവത്തോടെ സാഹചര്യം മനസിലാക്കി പെരുമാറണമെന്നും മേയർ അഭ്യർത്ഥിച്ചു. പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നലെ രാത്രി ഏഴിന് ശേഷം നഗരസഭാ പരിധിയിലെ 80 ശതമാനം കടകളും അടച്ചു. സമയപരിധി കഴിഞ്ഞും തുറന്ന് പ്രവർത്തിച്ചവയ്ക്ക് നഗരസഭാ ആരോഗ്യ വിഭാഗവും പൊലീസും മുന്നറിയിപ്പ് നൽകി. പൂന്തുറ കേന്ദ്രീകരിച്ചുള്ള കൺട്രോൾ റൂം നമ്പർ: 9496434411, 9447200043.