ബാലരാമപുരം: ബാലരാമപുരം പൊലീസ് സ്റ്റേഷൻ ജംഗ്ഷനിൽ നിലനിർത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ബാലരാമപുരം മണ്ഡലം പ്രസിഡന്റ് എ.എം. സുധീർ ജംഗ്ഷനിൽ ഉപവാസമനുഷ്ഠിച്ചു. ഉപവാസ സമരം അഡ്വ. എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിലവിൽ ജംഗ്ഷനിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ പനയറക്കുന്നിലാണ് പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം. കൊവിഡ് പ്രതിരോധ നടപടികൾക്കും വിവിധ പരാതികളുമായി എത്തുന്ന ജനങ്ങൾക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുകയാണെന്നും നാട്ടുകാർ ആരോപിച്ചു. ഇതേത്തുടർന്നാണ് മണ്ഡലം പ്രസിഡന്റിന്റെ ഉപവാസമരം. ലോക്കപ്പ് അടക്കം എയിഡ് പോസ്റ്റിനോട് ചേർന്നുള്ള രണ്ടര സെന്റെിൽ മറ്റ് സംവിധാനങ്ങളൊരുക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എം. വിൻസെന്റ് ഡി പോൾ, അഡ്വ. സുബോധൻ, കെ.വി. അഭിലാഷ്, വെങ്ങാനൂർ ശ്രീകുമാർ,ഡി.വിനു, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ഇ.എം. ബഷീർ, മുസ്ലീം ലീഗ് നേതാവ് ഹുമയൂൺ കബീർ, കോൺഗ്രസ് നേതാക്കളായ എം.എം. നാഷൗദ്, ആനന്ദ് കുമാർ, രാമപുരം മുരളി, അർഷാദ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ ബാലരാമപുരം, പഞ്ചായത്തംഗങ്ങളായ എസ്. തങ്കരാജ്, നന്നംകുഴി രവി, എം.എം. ഇസ്മായിൽ, ഷൗക്കത്തലി, അബു തുടങ്ങിയവർ പങ്കെടുത്തു. ഡി.സി.സി ജനറൽ സെക്രട്ടറി വി. മുത്തുക്കൃഷ്ണൻ എ.എം. സുധീറിന് നാരാങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു.