general

ബാലരാമപുരം: കാട്ടാക്കട മണ്ഡലത്തിലെ പള്ളിച്ചൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന നടുക്കാട് മാർക്കറ്റ് ഹൈടെക് ആകുന്നു. മാർക്കറ്റിന്റെ നവീകരണത്തിന് കിഫ്ബി വക 2.13 കോടി രൂപ അനുവദിച്ചതായി ഐ.ബി സതീഷ് എം.എൽ.എ അറിയിച്ചു. 704 ചരുരശ്രമീറ്ററിൽ ആധുനീക രീതിയിലാണ് മാർക്കറ്റ് പണിയുന്നത്. മത്സ്യത്തിനായി റീടെയിൽ ഔട്ട് ലെറ്റുകൾ,​ ബുച്ചർ സ്റ്റാളുകൾ,​ കോൾഡ് സ്റ്റോറോജ് സംവിധാനം,​ പ്രിപ്പറേഷൻ മുറി,​ ലോഡിംഗ് സംവിധാനം എന്നിവ ഉണ്ടാകും. സ്റ്റെയിൻലെസ് സ്റ്റീലിൽ തീർത്ത ഡിസ് പ്ലേ ടേബിളുകൾ,​ സ്റ്റീൽ സിങ്കുകൾ എന്നിവ മത്സ്യസ്റ്റാളിലുണ്ടാകും. എല്ലാ വിൽപ്പനശാലകളിലും ഉപഭോക്താക്കൾക്ക് യഥേഷ്ടം കടന്നുചെല്ലാനും സാധനം വാങ്ങാനുമുള്ള സൗകര്യമൊരുക്കിയാണ് മാർക്കറ്റ് നിർമ്മിക്കുന്നത്. ദീ‍ർഘകാലസുരക്ഷിതത്വം ഉറപ്പാക്കി ഇൻഡസ്ട്രിയൽ ടൈലുകൾ തറയിൽ പാകി മനോഹാരിത വരുത്തും. മലിനജലം കെട്ടിനിൽക്കാത്ത ഡ്രെയിനേജ് സംവിധാനം,​ ഗുണമേന്മയേറിയ വൈദ്യൂതീകരണം,​ പ്ലംബിംഗ് എന്നിവ ഉറപ്പാക്കും. മത്സ്യത്തൊഴിലാളികൾക്കും മറ്റുമായി വിശ്രമമുറികളും ആധുനീക രീതിയിലുള്ള ശുചിമുറികളും മാർക്കറ്റിലുണ്ടാകും. നിലിവിലെ മാർക്കറ്റ് സങ്കൽപ്പങ്ങളിൽ വ്യത്യസ്തമായിരിക്കും നടുക്കാട് മാർക്കറ്റ്. വിപണശൈലികളിലം പരിഷ്ക്കാരം വരും. ഗുണനിലവാരമുള്ള മത്സ്യം റെഡി ടു കുക്ക് രൂപത്തിൽ ഗുണഭോക്താക്കൾക്ക് എത്തിക്കുന്നതിനുള്ള സംവിധാനവും മാർക്കറ്റിൽ സജ്ജമാക്കാനുള്ള നടപടിയും സ്വീകരിക്കും. മനോഹരമായ ലാൻഡ്സ് സ്കേപ്പിംഗ്,​ പാർക്കിംഗ് സംവിധാനം എന്നിവ അടങ്ങുന്ന മാർക്കറ്റ് ഉപഭോക്താക്കൾക്ക് പുത്തനനുഭമായിരിക്കും സമ്മാനിക്കുക. ടെൻഡർ നടപടികൾ തീരദേശ വികസന കോർപ്പറേഷൻ ഉടൻ സ്വീകരിക്കും. എട്ട് മാസം കൊണ്ട് മാർക്കറ്റിന്റെ നിർമ്മാണജോലികൾ പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്ന് നൽകാനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.