ആറ്റിങ്ങൽ: രണ്ടാംതവണയും കോടതിക്കായി ബാർ അസോസിയേഷൻ ഹാൾ വിട്ടുനൽകി മാതൃകയായി. അതിവേഗ പോക്‌സോ കോടതിക്ക് വേണ്ടിയാണ് അസോസിയേഷന്റെ കെട്ടിടം ഇപ്പോൾ വിട്ടുനല്കിയത്. നേരത്തേ കുടുംബകോടതി അനുവദിച്ചപ്പോഴും ബാർ അസോസിയേഷൻ കെട്ടിടം വിട്ടുകൊടുത്തിരുന്നു.
ജില്ലയിൽ നാലിടത്ത് അതിവേഗ പോക്‌സോ കോടതി അനുവദിച്ചെങ്കിലും ആറ്റിങ്ങലിൽ മാത്രമാണ് ആരംഭിക്കാനായത്. ബി. സത്യൻ എം.എൽ.എ അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് ഹാൾ നൽകാൻ തീരുമാനമായത്. അനുവദിച്ചു കിട്ടിയ കോടതി അതിവേഗം പ്രവർത്തനം തുടങ്ങുന്നതിനുവേണ്ടിയാണ് കെട്ടിടം വിട്ടുകൊടുത്തതെന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ബാർ അസോസിയേഷന് വേണ്ടി പ്രവർത്തനരഹിതമായി കിടന്ന റവന്യു വകുപ്പിന്റെ കെട്ടിടം താത്ക്കാലികമായി അസോസിയേഷന് വിട്ടു നൽകി. പോക്സോ കോടതിയുടെ പ്രവർത്തന ഉദ്ഘാടനം ബി. സത്യൻ എം.എൽ.എ നിർവഹിച്ചു.