kanam-rajendran

തിരുവനന്തപുരം: യു.ഡി.എഫിൽ നിന്ന് പുറത്തായ ജോസ് കെ.മാണി പക്ഷത്തെ എൽ.ഡി.എഫിൽ എടുക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വീണ്ടും രംഗത്ത്.

1965ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചരിത്രം തന്നെ ഓർമ്മിപ്പിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ചരിത്രം ഒന്നു കൂടി വായിക്കണം. 65ൽ സി.പി.എം ഒറ്റയ്ക്കല്ല, മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള കക്ഷികളുമായി ധാരണയുണ്ടാക്കിയാണ് മത്സരിച്ചതെന്നും കാനം ഒാർമ്മിപ്പിച്ചു.

എൽ.ഡി.എഫിന്റെ അടിത്തറ വികസിപ്പിക്കേണ്ടത് ജനാധിപത്യ കക്ഷികളെ ആകർഷിച്ചാണ്.അല്ലാതെ, വരുകയും പോവുകയും ചെയ്യുന്നവരെക്കൊണ്ടല്ല.എൽ.‌ഡി.എഫിന്റെ തുടർഭരണ സാദ്ധ്യതയെ ദുർബലപ്പെടുത്തുന്ന നിലപാടുകൾ ആരും സ്വീകരിക്കാൻ പാടില്ല. കേരളത്തിൽ തുടർഭരണം ഉറപ്പാക്കി എൽ.ഡി.എഫ് മുന്നോട്ട് പോകുകയാണ്. ഇക്കാര്യത്തിൽ സി.പി.ഐയ്ക്ക് ഒരാശങ്കയുമില്ല.

മുന്നണിയുടെ പ്രവർത്തനം കക്ഷികളുടെ നിലപാടിന്റെ അടിസ്ഥാനത്തിലാണ്. ജോസ് കെ.മാണി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. മൂന്ന് മുന്നണികളുമായി അവർ ചർച്ചകൾ നടത്തുന്നുണ്ട്. യു.ഡി.എഫിൽ നിന്ന് പുറത്താക്കിയെങ്കിലും, കോൺഗ്രസ് കൊടുത്ത എം.പി സ്ഥാനങ്ങളൊന്നും അവർ രാജി വച്ചിട്ടില്ല. അവർ അതൊക്കെ ഉപേക്ഷിച്ചശേഷം മുന്നണി പ്രവേശനത്തെക്കുറിച്ച് ആലോചിക്കാം. വീരേന്ദ്ര കുമാറിന്റെ പാർട്ടി എൽ.ഡി.എഫിലേക്ക് വന്നത് യു.ഡി.എഫിൽ നിന്ന് ലഭിച്ച രാജ്യസഭാംഗത്വം വിട്ടെറിഞ്ഞിട്ടാണ്. സി.പി.എമ്മും സി.പി.ഐയും എപ്പോഴും ചർച്ചകൾ നടത്താറുണ്ട്. സി.പി.ഐ നിലപാട് വ്യക്തമാക്കാറുമുണ്ട്. ഒരു കാര്യത്തിലും സി.പി.എമ്മിന് മുന്നിൽ സി.പി.ഐ കീഴടങ്ങിയിട്ടില്ല.തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് സി.പി.ഐ സാമൂഹിക അകലം പാലിക്കും. കോട്ടയം ജില്ലാപഞ്ചായത്തിൽ ജോസ് പക്ഷവുമായി മുമ്പ് സി.പി.എം കൈകോർത്തപ്പോൾ സി.പി.ഐ വിട്ടുനിന്നതായും കാനം പറഞ്ഞു.