phobos
മംഗൾയാൻ പകർത്തിയ ഫോബോസിന്റെ ചിത്രം

തിരുവനന്തപുരം:ചൊവ്വയുടെ വലിയ ഉപഗ്രഹമായ ഫോബോസിന്റെ വ്യക്തവും സൂഷ്‌മതയാർന്നതുമായ ചിത്രങ്ങൾ പകർത്തി മംഗൾയാൻ. ജൂലായ് ഒന്നിന് പകർത്തിയ ചിത്രം ശനിയാഴ്ചയാണ് ഐ.എസ്. ആർ.ഒ. പുറത്തുവിട്ടത്.

ചൊവ്വയിൽ നിന്ന് 7200 കിലോമീറ്ററും ‘ഫോബോസി’ൽനിന്ന് 4200 കിലോമീറ്ററും അകലെ നിന്നാണ് മംഗൾയാനിലെ മാർസ് കളർ കാമറ ഉപയോഗിച്ച് ചിത്രങ്ങളെടുത്തത്. ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങളിൽ വലുതാണ് ഫോബോസ്. ഫോബോസിലെ ഗർത്തങ്ങൾ വരെ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം.

2014 സെപറ്റംബർ 24-ന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയ ‘മംഗൾയാൻ’ ആറുമാസത്തെ നിശ്ചിത ആയുസ് കഴിഞ്ഞിട്ടും ഇന്ധനം ബാക്കിയുള്ളതിനാണ് ഇപ്പോഴും തുടരുന്നത്. ഇന്ധനം തീരുന്നത് വരെ അത് തുടരുകയും ചെയ്യും.

2013 നവംബർ അഞ്ചിനാണ് ചൊവ്വാപഠന ദൗത്യമായ ‘മംഗൾയാൻ’ വിക്ഷേപിച്ചത്. പത്തുമാസം കൊണ്ട് 66. 6 കോടി കിലോമീറ്റർ സഞ്ചരിച്ചാണ് 1350 കിലോഗ്രാം ഭാരമുള്ള ‘മംഗൾയാൻ’ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. ഇതുവരെ 980ഓളം ചിത്രങ്ങൾ ഭൂമിയിലേക്ക് അയച്ചിട്ടുണ്ട്.

#ചൊവ്വയുടെ ചന്ദ്രൻ ഫോബോസ്

ഭൂമിക്ക് ചന്ദ്രൻ എന്നപോലെയാണ് ചൊവ്വയ്ക്ക് ഫോബോസ്.‘ഫോബോസി’നെ ചൊവ്വയുടെ ‘ഏറ്റവും വലുതും നിഗൂഢവുമായ ഉപഗ്രഹം’ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. മംഗൾയാൻ പകർത്തിയ ചിത്രത്തിൽ ‘ഫോബോസി’ലെ ഗർത്തങ്ങൾ കാണാം. ഏറ്റവും വലിയ ഗർത്തമായ ‘സ്റ്റിക്‌നി’യും മറ്റ് മൂന്നു ഗർത്തങ്ങളുമാണ് ചിത്രത്തിലുള്ളത്.

ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങളിൽ വലിയതാണ് ‘ഫോബോസ്’; രണ്ടാമത്തേത് ‘ഡയമോസ്’. 1877-ൽ അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞരാണ് ഇവ കണ്ടെത്തിയത്. ഗ്രീക്ക് ദേവനായ ഫോബോസിന്റെ പേരാണ് ഉപഗ്രഹത്തിന് നൽകിയത്.