g-sudhakaran-

തിരുവനന്തപുരം: തടവനാൽ പാലം, കാവനാൽ പാലം, വർക്കല റസ്റ്റ് ഹൗസ് തുടങ്ങി പൊതുമരമാത്ത് വകുപ്പ് ആരംഭിക്കുന്നതും പൂർത്തീകരിച്ചതുമായ 17.22 കോടി രൂപയുടെ മൂന്ന് പദ്ധതികൾ ഇന്ന് മന്ത്രി ജി.സുധാകരൻ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യും. കൊവിഡും പ്രളയവുമടക്കമുള്ള മഹാമാരികളെ മറികടന്ന് സംസ്ഥാനത്തെ 98 ശതമാനത്തിലധികം റോഡുകളും പാലങ്ങളും ഗതാഗതയോഗ്യമാക്കാൻ സാധിച്ചത് ഇടതുപക്ഷ സർക്കാരിന്റെ ഉറച്ച പിന്തുണമൂലമാണെന്ന് മന്ത്രി പറഞ്ഞു. 452 ലക്ഷം രൂപ ചെലവിൽ കോട്ടയം പൂഞ്ഞാറിൽ മീനച്ചിലാറിനു കുറുകെ നിർമ്മിച്ച ഈരാറ്റുപേട്ട-ചേന്നാട്കവല പൊതുമരാമത്ത് റോഡുകളെ ബന്ധിപ്പിക്കുന്ന തടവനാൽ പാലത്തിന്റെ ഉദ്ഘാടനം പി.സി. ജോർജ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ രാവിലെ 11നും, പത്തനംതിട്ട തിരുവല്ലയിലെ മണിമലയാറിനു കുറുകെ 470 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ച കാവനാൽകടവ് പാലം മാത്യു ടി തോമസ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ രാവിലെ 11.30നും നാടിന് സമർപ്പിക്കും. 8 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന വർക്കല റസ്റ്റ് ഹൗസിന്റെ തറക്കല്ലിടലും വീഡിയോ കോൺഫറൻസ് മുഖേന വി. ജോയ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ രാവിലെ 10.30ന് നടത്തും.