കിളിമാനൂർ: വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണ ദിനത്തിൽ വേറിട്ട പ്രവർത്തനങ്ങൾ ഒരുക്കിയിരിക്കുകയാണ് കിളിമാനൂർ ഗവ. എൽ.പി.എസിലെ കുരുന്നുകൾ. കൊവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് സ്കൂളിൽ എത്താൻ കഴിയാത്തതിനാൽ അദ്ധ്യാപകർ കുട്ടികളുടെ വീട്ടിൽ എത്തിയാണ് ഇക്കുറി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തിനായുള്ള പ്രവർത്തനങ്ങൾ ഒരുക്കിയത്. ബഷീറിന്റെ "മുച്ചീട്ടുകളിക്കാരന്റെ മകൾ " എന്ന കഥയും അതിലെ കഥാപാത്രങ്ങളുമാണ് 'പാഠം ഒന്ന് ഇമ്മിണി ബല്യ കൊറോണ' എന്ന സ്വതന്ത്ര ദൃശ്യാവിഷ്കാരത്തിലൂടെ പുനർജനിച്ചത്. കഥയിലെ നായികയായ സൈനബ തന്റെ ചായക്കടയിൽ മാസ്ക് ധരിക്കാതെ എത്തുന്ന മണ്ടൻമുത്തപ്പയ്ക്ക് പുട്ടിനോടൊപ്പം മാസ്കും നൽകുന്നു. കഥയിലെ ഒറ്റക്കണ്ണൻ പോക്കർ തന്റെ കുലത്തൊഴിലായ മുച്ചീട്ടുകളി ഇനി സാമൂഹിക അകലം പാലിച്ചു കൊണ്ടുമാത്രമേ ഉള്ളു എന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു.
ബഷീറിന്റെ ഗ്രാമഫോണിലൂടെ കേൾക്കുന്ന "സോജ....രാജകുമാരി "ഗസലിനൊപ്പം നോവൽ കൊറോണ വൈറസിനെതിരെയുള്ള മുൻകരുതലുകളും കേൾക്കാം. ബഷീർ അനുസ്‌മരണത്തോടൊപ്പം മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത കഥാപാത്രങ്ങളെ കൊണ്ട് സമൂഹത്തെ ബോദ്ധ്യപ്പെടുത്തുന്നതാണ് ഈ ഹ്രസ്വചിത്രത്തിന്റെ പ്രമേയം. സ്കൂളിലെ അരങ്ങ് യൂട്യൂബ് ചാനലിലൂടെ എല്ലാകുട്ടികളിലും സന്ദേശം എത്തിക്കാനാണ് അദ്ധ്യാപകർ ശ്രമിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് അക്കാഡമിക് പ്രവർത്തനങ്ങളോടൊപ്പം കുട്ടികൾക്കായി ഓൺലൈൻ വഴി സംഘടിപ്പിച്ച പുതുമയാർന്ന സർഗാത്മക പ്രവർത്തനങ്ങൾ ഇതിനകം തന്നെ ശ്രദ്ധ നേടിയിരുന്നു. സാമൂഹിക അകലവും സർക്കാർ നിർദേശങ്ങളും പാലിച്ചു കൊണ്ട് സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടത്തിയ ചിത്രീകരണ ഉദ്ഘാടനം കലാകാരനും നാടകപ്രവർത്തകനും കിളിമാനൂർ ബ്ലോക്ക് പ്രോഗ്രാം കോ- ഓർഡിനേറ്ററുമായ വി.ആർ. സാബു നിർവഹിച്ചു.