teacher

തിരുവനന്തപുരം: പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകരായി നിയമനത്തിന് യോഗ്യതാ പരീക്ഷ പാസാവണമെന്ന

വ്യവസ്ഥ ഒഴിവാക്കാൻ സർക്കാർ നീക്കം. വിദ്യാഭ്യാസ ചട്ടങ്ങളിൽ ഇതിനായി വരുത്തുന്ന ഭേദഗതിയുടെ

കരട് രൂപം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു

. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ,പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകനാവാൻ 12 വർഷത്തെ അദ്ധ്യാപനത്തിനൊപ്പം യോഗ്യതാ പരീക്ഷയും പാസാവണം. ഇതിനെതിരെ ഒരു വിഭാഗം അദ്ധ്യാപകർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന്, 2011ൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് യോഗ്യതാ പരീക്ഷ പാസാകുന്നതിന് മൂന്ന് വർഷത്തെ സാവകാശം അനുവദിച്ചിരുന്നു. തുടർന്ന്,യോഗ്യതാ പരീക്ഷ പാസായ അദ്ധ്യാപകർ നൽകിയ അപ്പീലിൽ, യോഗ്യതാ പരീക്ഷ പാസായവരെ മാത്രമേ പ്രധാനാദ്ധ്യാപകരായി നിയമിക്കാവൂയെന്ന് കഴിഞ്ഞ ജനുവരി 27ന് ഹൈക്കോടതി ഉത്തരവായി. പിന്നാലെ, പല ജില്ലകളിലും നിയമനവും , സാധ്യതാ പട്ടിക പ്രസിദ്ധീകരണവും ആരംഭിച്ചിരുന്നു. യോഗ്യതാ പരീക്ഷ പാസായിട്ടില്ലാത്ത അദ്ധ്യാപകർ ഹൈക്കോടതി വിധിക്കെതിരെ, സുപ്രീം കോടതിയിൽ നൽകിയ കേസും നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് യോഗ്യത പരീക്ഷ വ്യവസ്ഥ എടുത്തുകളയാനുള്ള നീക്കം സർക്കാർ ആരംഭിച്ചത്.ഭരണപക്ഷ അദ്ധ്യാപക സംഘടനയിലെ ചിലർക്ക് വേണ്ടിയാണിതെന്ന് ആരോപണമുണ്ട്.യോഗ്യതാ പരീക്ഷ പാസായ നിരവധി അദ്ധ്യാപകരുണ്ടെന്നിരിക്കെ, യോഗ്യതയില്ലാത്തവർക്ക് അവസരമൊരുക്കുന്ന ഭേദഗതിക്കെതിരെ അദ്ധ്യാപക സമൂഹത്തിൽ പ്രതിഷേധം ഉയരുന്നു.

'പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പാക്കാൻ യോഗ്യതാ പരീക്ഷ പാസായവരാണ് പ്രധാനാദ്ധ്യാപകരാകേണ്ടത്. കുറച്ചു പേർക്കായി ചട്ടങ്ങളിലും നിയമങ്ങളിലും വെള്ളം ചേർക്കുമ്പോൾ യോഗ്യത നേടിയ നിരവധി അദ്ധ്യാപകരുടെ അവസരം നഷ്ടപ്പെടും'.

-എം. സലാഹുദ്ദീൻ,​

ജനറൽ സെക്രട്ടറി,​ കെ.പി.എസ്.ടി.എ

'വിഷയത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടത്'.

- കെ. ജീവൻ ബാബു,​

പൊതുവിദ്യാഭ്യാസ ഡയറക്ടർ