r
റെയിൽവേ ഐസലേഷൻ കോച്ച്

തിരുവനന്തപുരം: കോച്ചുകളിൽ കിടക്കകൾ സജ്ജീകരിച്ച് മൂന്നു റെയിൽവേ സ്റ്റേഷനുകൾ കൊവിഡ് ആശുപത്രികളായി മാറ്റാൻ റെയിൽവേ ഒരുക്കം തുടങ്ങി. എറണാകുളം,​ തിരുവനന്തപുരം,​ മലപ്പുറം ജില്ലകളിലെ സ്റ്റേഷനുകളെയാണ് പരിഗണിക്കുന്നത്. കൊവി‌‌‌ഡ് ബാധിതർ കൂടിവരുന്ന സാഹചര്യത്തിലാണിത്. സംസ്ഥാന സർക്കാരിന്റെ അനുമതിയും മാർഗനിർദേശവും അനുസരിച്ചാവും തുടർ നടപടി. സംസ്ഥാന സർക്കാരാണ് ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും നിയോഗിക്കേണ്ടത്.

തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 92 കോച്ചുകളിൽ ഓക്സിജൻ സിലിണ്ടർ അടക്കം സജ്ജമാക്കി ഐസൊലേഷൻ വാർഡുകളാക്കി മാറ്റിയിട്ടുണ്ട്. ആംബുലൻസുകൾക്ക് പ്രവേശിക്കാൻ കഴിയുന്ന പ്ളാറ്റ്ഫോമുള്ള സ്റ്റേഷനുകളിലാണ് ഇവ എത്തിക്കുന്നത്. പ്ളാറ്റ്‌ഫോമിനോടു ചേർന്നുള്ള മുറികളെല്ലാം പരിശോധനാ മുറികളും ലാബുകളും മറ്റുമാക്കി മാറ്റും. സ്റ്റേഷനിലേക്ക് ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും മാത്രമാണ് പ്രവേശനം. 24 മണിക്കൂർ ആംബുലൻസ് സേവനം ഉറപ്പാക്കും.

മറ്റ് ഗുരുതര രോഗങ്ങളില്ലാത്ത കൊവിഡ് ലക്ഷണമുള്ളവർക്കാണ് ചികിത്സ. ഡൽഹിയിലെ ജി.ടി.ബി നഗർ, സാരായ് രോഹിലി, ആനന്ദവിഹാവർ സ്റ്റേഷനുകളിലും കൊൽക്കത്തയിലെ ഹൗറയ്ക്കുടുത്തുള്ള സ്റ്റേഷനിലും ഇത്തരം ആശുപത്രികളുണ്ട്.

ഒരു പ്ളാറ്റ്‌ഫോമിൽ 20 കോച്ചുകൾ എത്തിക്കും. മൂന്ന് ആശുപത്രികളാണ് നിശ്ചയിച്ചതെങ്കിലും 92 കോച്ചുകൾ അഞ്ച് സ്റ്റേഷനുകളിലായി എത്തിക്കാൻ കഴിയും

ഐസൊലേഷൻ കോച്ചുകൾ

തിരുവനന്തപുരം ഡിവിഷനിൽ: 60

പാലക്കാട് ഡിവിഷനിൽ: 32

'' ഇക്കാര്യം ഇന്ന് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തും. ഇപ്പോഴത്തെ സാഹചര്യം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിലയിരുത്തിയശേഷം തീരുമാനമെടുക്കും''

- ജി.സുധാകരൻ,​

റെയിൽവേ ചുമതലയുള്ള

സംസ്ഥാനത്തെ മന്ത്രി.