കിളിമാനൂർ: കിളിമാനൂരിൽ എത്തുന്നവർക്ക് " ശങ്ക " തോന്നിയാൽ വന്ന വണ്ടിക്ക് തിരികെ വിട്ടോണം വീട്ടിലേക്ക്. പ്രവർത്തന യോഗ്യമല്ലാതിരുന്നിട്ടും അത്യാവശ്യം കാര്യം സാധിക്കാമായിരുന്ന പഴയ പബ്ലിക് കംഫർട്ട് സ്റ്റേഷനു താഴിട്ടതോടെ അവസാനത്തെ അത്താണിയും ഇല്ലാതായി. കിളിമാനൂർ പഴയകുന്നുമേൽ പഞ്ചായത്തിന്റെ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന കംഫർട്ട് സ്റ്റേഷൻ അവിടെ പഞ്ചായത്ത് ഷോപ്പിംഗ് മാൾ പണിയാൻ ഉദ്ദേശിച്ച് പ്രവർത്തനം നിറുത്തി വച്ചിരുന്നു. എന്നിരുന്നാലും സംസ്ഥാന പാതയോട് ചേർന്നുള്ള ഇവിടെ അത്യാവശ്യ കാര്യ സാദ്ധ്യത്തിന് വേണ്ടി ഉപയോഗിച്ചിരുന്നു. അതും നിലവിൽ ഗേറ്റിട്ട് പൂട്ടിയതോടെ ജനങ്ങൾ വലയുകയാണ്. നിലവിൽ പഞ്ചായത്ത് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഒരു കംഫർട്ട് സ്റ്റേഷൻ ഉണ്ടങ്കിലും, ജംഗ്ഷനിൽ നിന്നും സംസ്ഥാന പാതയിൽ നിന്നും ഒരു പാട് ദൂരെയാണ് ഇത്. എന്നാൽ നിലവിൽ വെള്ള സൗകര്യം ഇല്ലാത്തതിനാൽ പ്രവർത്തനം നിലച്ചിരിക്കുകയാണ്. മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഹൈസ്കൂളുകളും നൂറുകണക്കിന് കച്ചവടക്കാരും മാർക്കറ്റിൽ എത്തുന്നവരും വിദൂര സ്ഥലങ്ങളിൽ നിന്ന് വന്നിറങ്ങുന്നതുമായ കിളിമാനൂരിൽ അത്യാധുനിക രീതിയിലുള്ള പബ്ലിക് കംഫർട്ട് സ്റ്റേഷൻ വേണമെന്നത് നീണ്ട കാലത്തെ ആവശ്യമാണ്.

കംഫർട്ട് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് - 5 സെന്റ് സ്ഥലത്ത്

പഞ്ചായത്ത് 5 സെന്റ് സ്ഥലം നൽകിയാൽ ജില്ലാ പഞ്ചായത്ത് 35 ലക്ഷം രൂപ ചെലവഴിച്ച് അമിനിറ്റി സെന്റർ പ്രഖ്യാപിച്ചു. പഞ്ചായത്തിന്റെ ഉദാസീനത കാരണം നടന്നില്ല.

അമിനിറ്റി സെന്റർ ദീർഘ ദൂര യാത്രക്കാർക്ക് വിശ്രമിക്കുന്നതിനും, കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നതിനും, പ്രാഥമിക കർത്തവ്യങ്ങൾ ഉൾപ്പെടെ നിർവഹിക്കുന്നതിനുള്ള സ്ഥലം

പ്രവർത്തന രഹിതമായ കംഫർട്ട് സ്റ്റേഷനിൽ പഞ്ചായത്തിന് മാലിന്യം നിക്ഷേപിക്കാൻ മറ്റിടങ്ങൾ ഇല്ലാത്തതിനാൽ മാലിന്യങ്ങൾ മുഴുവൻ ഇവിടെ നിക്ഷേപിക്കാൻ തുടങ്ങി. ദുർഗന്ധവും തെരുവ് നായ്ക്കളുടെ ശല്യവും വർദ്ധിച്ചതിനാലാണ് ഗേറ്റ് സ്ഥാപിച്ച് പൂട്ടിയത്. കംഫർട്ട് സ്റ്റേഷൻ പരിഗണനയിലാണ്. പ്രൈവറ്റ് ബസ് സ്റ്റാൻഡിനകത്തെ കംഫർട്ട് സ്റ്റേഷനിൽ പുതിയ മോട്ടോർ സ്ഥാപിച്ച് പ്രവർത്തനക്ഷമമാക്കും.

കെ. രാജേന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്