ആര്യനാട്: ആര്യനാട് പഞ്ചായത്തിലെ ഇറവൂരിൽ സാമൂഹ്യ വിരുദ്ധ വിളയാട്ടം കാരണം ജനജീവിതം ദുസ്സഹമാകുന്നതായി പരാതി ഉയരുന്നു. കഞ്ചാവ്, മദ്യം എന്നിവയ്ക്ക് അടിമപ്പെട്ടവർ പ്രദേശവാസികളെ തെറിവിളിക്കുകയും വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിക്കുന്നതും പതിവായി. രാത്രി കാലങ്ങളിൽ വീടുകൾക്ക് നേരേ കല്ലെറിയുന്നതും നിത്യ സംഭവമാണ്. മാസ്സ് പെറ്റിഷൻ തയ്യാറാക്കി മുഖ്യമന്ത്രി, ഡി.ജി.പി ജില്ലാ കളക്ടർ,റൂറൽ എസ്.പി എന്നിവർക്ക് പരാതി നൽകിയിട്ടും ആര്യനാട് പൊലീസ് നടപടിയെടുക്കുന്നില്ലന്ന് പ്രദേശവാസികൾ പറയുന്നു. സംഭവങ്ങൾക്ക് ഇറവൂർ സ്വദേശിയായ ഒരാളാണെന്ന് പരാതിയിൽ നാട്ടുകാർ പറയുന്നു. കഴിഞ്ഞ 15 വർഷക്കാലമായി ഇറവൂരിൽ താമസമാക്കിയ ഇയാൾ നേരത്തേ കിള്ളി പാലത്തിന് സമീപം താമസിക്കുമ്പോൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പരാതിയിലുണ്ട്. ആളുകളുടെ സ്വൈര്യ ജീവിതം തടസ്സമായതോടെയാണ് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പരാതിയുമായി മുന്നോട്ടുപോയത്. പൊലീസ് ശക്തമായ നടപടി സ്വീകരിച്ചില്ലങ്കിൽ ശക്തമായ ജനകീയ സമരവുമായി മുന്നോട്ടുപോകുമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു. അതേ സമയം നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി ആര്യനാട് പൊലീസും അറിയിച്ചു.