വർക്കല: റിമാൻഡ് പ്രതികളെ പാർപ്പിക്കുന്നതിന് പ്രത്യേക സൗകര്യമൊരുക്കിയിട്ടുള്ള അകത്തുമുറി എസ്.ആർ മെഡിക്കൽ കോളേജിലെ ക്വാറന്റൈൻ സെന്ററിൽ നിന്ന് 2 പേർ അധികൃതരെ വെട്ടിച്ച് രക്ഷപ്പെട്ടു. നിരവധി കേസുകളിലെ പ്രതികളാണ് ഇന്നലെ പുലർച്ചെ 1 ന് ശേഷം ഹാളിലെ വെന്റിലേഷൻ തകർത്ത് മുങ്ങിയത്. പളളിച്ചൽ പൊലീസ് അറസ്റ്റ് ചെയ്ത പളളിച്ചൽ കുളങ്ങരക്കോണം മേലെ പുത്തൻവീട്ടിൽ അനീഷ് (29), പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്ത കൊല്ലം ചിതറ വളവുപച്ച സൂര്യകുളം തടത്തരികത്ത് വീട്ടിൽ മുഹമ്മദ് ഷാൻ (18) എന്നിവരാണ് ചാടിപ്പോയത്. രക്ഷപ്പെട്ട ഇരുവരും കോളേജ് വളപ്പിൽ നിന്നും ബൈക്ക് മോഷ്ടിച്ചെടുത്ത് മുങ്ങുകയായിരുന്നുവെന്നും ഇതിന്റെ സി.സി ടിവി ദൃശ്യങ്ങൾ ലഭിച്ചതായും പൊലീസ് പറഞ്ഞു. അപരിചിതരായ രണ്ടുപേർ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ അകത്തുമുറി, വക്കം പണയിൽക്കടവ് എന്നിവിടങ്ങളിലൂടെ അതിരാവിലെ ബൈക്കിൽ കറങ്ങുന്ന വിവരം പൊലീസിനെ ചിലർ അറിയിച്ചിരുന്നു. ആങ്ങാവിളയിൽ വച്ച് പൊലീസ് പട്രോളിംഗ് സംഘത്തിന്റെ മുന്നിൽപ്പെട്ടെങ്കിലും ഇവർ അമിതവേഗതയിൽ കടന്നുകളഞ്ഞു. വക്കത്തെ ചില സ്ഥലങ്ങളിൽ ഇവർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവർ അധിക ദൂരം പോയിട്ടുണ്ടാവില്ല എന്നാണ് പൊലീസിന്റെ നിഗമനം. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായി കടയ്ക്കാവൂർ പൊലീസ് അറിയിച്ചു.