തിരുവനന്തപുരം: പനിയും അസ്വസ്ഥതകളുമായി തിരുവനന്തപുരം ജനറൽ
ആശുപത്രിയിൽ എത്തിയിട്ടും കൊവിഡ് പരിശോധന നടത്താൻ കഴിയാതെ മടങ്ങേണ്ടിവന്നതായി സംവിധായകൻ സനൽകുമാർ ശശിധരൻ. ഇക്കാര്യം അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചു. മൂന്നു മണിക്കൂർ കാത്തിരുന്നിട്ടും പേരു വിളിച്ചില്ല. തിരക്കിയപ്പോഴാണ് എട്ട് മണിക്കൂർ മുൻപ് എത്തിയവർപോലും കാത്തിരിക്കുന്നതായി മനസിലായത്. കേരളത്തിന്റെ കൊവിഡ് പ്രതിരോധം മികച്ചതാണെങ്കിലും ഇതാണ് അവസ്ഥയെങ്കിൽ വലിയ ദുരന്തം കാത്തിരിക്കുന്നു, പേടിക്കണമെന്ന മുന്നറിയിപ്പോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
അഞ്ചു ദിവസമായി തുടരുന്ന കടുത്ത പനിയും ശരീര വേദനയും കാരണം ദിശയിൽ ബന്ധപ്പെട്ടു. ഇ-സഞ്ജീവനിയിലൂടെ (ടെലിമെഡിസിൻ) ഡോക്ടറെ കാണാൻ നിർദേശിച്ചു.ഡോക്ടർ പനിക്കുള്ള മരുന്നു കുറിച്ചു. ദിശയിൽ അറിയിച്ചശേഷം കൊവിഡ് ടെസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു.
കൊവിഡ് ഒ.പിയിലെ കാഴ്ചകൾ
(ഫേസ്ബുക്ക് പോസ്റ്റിലെ പരാമർശങ്ങൾ)
സമയം രാത്രി ഏഴ് മണി
പേരു കൊടുത്ത് കാത്തിരിപ്പ് തുടങ്ങി. ടാർപോളിൻ വലിച്ചുകെട്ടിയിട്ടുള്ളതിനു താഴെ മുപ്പത്തഞ്ചോളം ആളുകൾ. ഒരാളുടെ വിവരം ശേഖരിക്കാൻ മുക്കാൽ മണിക്കൂറോളം സമയം. എല്ലാവരും മാസ്‌ക് വച്ചിട്ടുണ്ടെങ്കിലും പലരും അത് താഴ്ത്തി തുപ്പുന്നു, തുമ്മുന്നു.
സമയം 10.15
പലരും മടങ്ങിപ്പോകുന്നു. ഊഴം തിരക്കിയപ്പോൾ കടലാസു കെട്ടിന്റെ ഒരു കുന്ന് തുരന്ന് പേരു കണ്ടുപിടിച്ചിട്ട് ഡോക്ടർ നിസഹായതയോടെ പറഞ്ഞു. '7 മണിക്ക് വന്നിട്ടാണോ ചേട്ടാ?' അടുത്തിരുന്നയാൾ പറഞ്ഞു 'ഞാൻ രണ്ടു മണിക്ക് വന്നതാണ്'.
സമയം 10.20
ഇത്തരമൊരു സാഹചര്യത്തിൽ ഇരുന്നാൽ മറ്റ് അസുഖങ്ങൾ വരുമെന്ന് തിരിച്ചറിവോടെ മടക്കം
ഞായർ
പനി കുറഞ്ഞെങ്കിലും തൊണ്ടവേദനയുണ്ട്. സ്വകാര്യ ടെസ്റ്റിംഗ് ലാബായ ഡി.ഡി.ആർ.സിക്ക് ഇന്ന് അവധിയായതിനാൽ നാളെ (തിങ്കൾ) പോയി സ്രവം പരിശോധിക്കും