തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ പ്രധാന വിനോദകേന്ദ്രമായി ശംഖുംമുഖത്തെ മാറ്റുന്ന പദ്ധതി വേഗത്തിലാക്കാൻ ടൂറിസം വകുപ്പ് തീരുമാനിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരിട്ട് പദ്ധതിയുടെ പുരോഗതി നീരീക്ഷിക്കും. നടപ്പാതകളുടെയും പാർക്കിംഗ് സെന്ററിന്റെയും നിർമ്മാണം വേഗത്തിലാക്കാൻ ഇന്നലെ ചേർന്ന ബന്ധപ്പെട്ടവരുടെ യോഗത്തിൽ മന്ത്രി നിർദ്ദേശം നൽകി. ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന മാസ്റ്റർ പ്ളാൻ നടപ്പിലായാൽ ശംഖുംമുഖത്തിന്റെ മുഖച്ഛായ തന്നെ മാറും. എന്നാൽ മറ്റ് പല പദ്ധതികളെയും പോലെ ഇതും നീണ്ടുപോയാൽ നിരാശയായിരിക്കും ഫലം. പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികളിൽ പാർക്കിംഗ് ഏരിയയുടെ നിർമ്മാണം അന്തിമ ഘട്ടത്തിലെത്തിയിട്ടുണ്ട്. കൊവിഡിന്റെ സാഹചര്യത്തിലാണ് നിർമ്മാണത്തിന് വേഗത കുറഞ്ഞതെന്നാണ് ടൂറിസം വകുപ്പ് പറയുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി പ്രസിദ്ധീകരിക്കുന്ന പരമ്പര തലസ്ഥാന വികസനം ആഗ്രഹിക്കുന്നവരെല്ലാം പ്രതീക്ഷയോടെയാണ് വായിച്ചത്.
നിർമ്മാണം വേഗത്തിലാക്കാൻ നിർദ്ദേശം നൽകി - മന്ത്രി കടകംപള്ളി സുരേന്ദ്രൻ
ലോക്ക് ഡൗൺ കാരണമാണ് നാലുമാസമായി ശംഖുംമുഖം നവീകരണം മുടങ്ങിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇന്നലെ കരാറുകാരുമായി യോഗം ചേർന്നു. പണി എത്രയും വേഗം പൂർത്തിയാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. നിർമ്മാണം നടത്തുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ - ഓപ്പറേറ്റീവ് സൊസൈറ്റി അവരുടെ അഭിമാന പദ്ധതിയായിട്ടാണ് ഇതിനെ കാണുന്നതെന്ന് അറിയിച്ചത്.
കാനായിയുടെ അഭിപ്രായത്തെ മാനിക്കണം, തെറ്റ്
തിരുത്തണം: വി.എസ്. ശിവകുമാർ എം.എൽ.എ
ശംഖുംമുഖം നവീകരണത്തിൽ ശില്പഭംഗിക്ക് കോട്ടംവരുത്തുന്ന രീതിയിലുള്ള നിർമ്മാണങ്ങളെപ്പറ്റി ശില്പി കാനായി കുഞ്ഞിരാമൻ പറഞ്ഞ അഭിപ്രായങ്ങൾ സർക്കാർ ഗൗരവത്തോടെ കാണണമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒരു ഓപ്പൺ എയർസ്റ്റേജ് അവിടെ നിർമ്മിക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കിയിരുന്നു. അന്ന് ഞാൻ അദ്ദേഹത്തോട് അഭിപ്രായം ആരാഞ്ഞു. അവിടെ മറ്റൊന്നും നിർമ്മിക്കരുതെന്ന് അദ്ദേഹം പറഞ്ഞത് ഞങ്ങൾ അനുസരിച്ചു. ലോകം അംഗീകരിച്ച ശില്പമാണ് അദ്ദേഹത്തിന്റെ സാഗരകന്യക. അതിന്റെ ഭംഗിയെ ബാധിക്കുന്നതൊന്നും അവിടെ പാടില്ല. ഇക്കാര്യത്തിൽ തിരുത്തൽ നടപടി വേണം. ശംഖുംമുഖം നവീകരണ വികസനത്തെ സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ സർക്കാർ നാലുകോടി രൂപ മുതൽ മുടക്കിൽ തുടങ്ങിയ നവീകരണത്തിന്റെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്നത്. പക്ഷേ രണ്ടു വർഷമായി തകർന്നു കിടക്കുന്ന ശംഖുംമുഖം റോഡ് നന്നാക്കാത്തതിൽ ശക്തമായ പ്രതിഷേധമുണ്ട്. ഇക്കാര്യം നിയമസഭയിലും ഉന്നയിച്ചതാണ്.
ശംഖുംമുഖത്തിന് നല്ല നാൾ വരും - മേയർ കെ.ശ്രീകുമാർ.
ശംഖുംമുഖത്തിന് വരാനിരിക്കുന്നത് നല്ല നാളുകളാണെന്ന് മേയർ കെ. ശ്രീകുമാർ പറഞ്ഞു. കൾച്ചറൽ ഹബ്ബും ട്രാഫിക് റിക്രിയേഷൻ ഹബ്ബും ഉൾപ്പെടുത്തിക്കൊണ്ടുള്ള മാസ്റ്റർ പ്ളാനാണ് ശംഖുംമുഖത്തിനായി തയ്യാറായത് എന്നറിഞ്ഞതിൽ ഏറെ സന്തോഷം. ശില്പി കാനായി കുഞ്ഞുരാമന്റെ അഭിപ്രായം ഗൗരവത്തോടെയാണ് സർക്കാർ എടുത്തിട്ടുള്ളതെന്നാണ് മനസിലാക്കുന്നത്. തീരത്തിന്റെ ഹരിത ഭംഗി സംരക്ഷിക്കുമെന്നും ശില്പഭംഗിക്ക് കോട്ടം വരുത്തില്ലെന്ന് മന്ത്രി ഉറപ്പുനൽകിയത് അതിന്റെ തെളിവാണ്.
ഹെലികോപ്ടർ വയ്ക്കാൻ ഉചിതം ചിൽഡ്രൻസ്
പാർക്ക്: നേമം പുഷ്‌പരാജ്
തിരുവനന്തപുരം: കാനായി കുഞ്ഞിരാമന്റെ പ്രശസ്‌തമായ സാഗരകന്യക ശില്പത്തിനടുത്ത് ഹെലികോപ്ടർ സ്ഥാപിച്ചത് ശരിയായില്ലെന്ന് ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്‌പരാജ് പറഞ്ഞു. 30 വർഷം മുമ്പ് നിർമ്മിച്ച സർഗ സൃഷ്ടിയുടെ സൗന്ദര്യത്തെ കെടുത്തുന്ന വിധത്തിലാണ് ഹെലികോപ്ടർ സ്ഥാപിച്ചത്. അതിന് ഉചിതമായ സ്ഥലം തൊട്ടടുത്ത കുട്ടികളുടെ പാർക്കാണ്. അങ്ങോട്ട് മാറ്റിയാൽ നന്നായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ശംഖുംമുഖത്തിന്റെ അടയാളമാണ് സാഗരകന്യകാ ശില്പം. സാഗര കന്യകാ ശില്പം കൂടിയെത്തി പാർക്ക് സൃഷ്ടിച്ചപ്പോഴാണ് സഞ്ചാരികളുടെ വരവ് വർദ്ധിച്ചത്. ധാരാളം ചിത്രകാരന്മാരും ശില്പികളും പ്രതിഷേധം അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.