mullappalli

തിരുവനന്തപുരം: ജനപക്ഷത്ത് നിന്ന് തീരുമാനങ്ങളെടുത്ത മുഖ്യമന്ത്രിയായിരുന്നു കെ.കരുണാകരനെന്നും ഏതു സമസ്യക്കും ഉത്തരം കണ്ടെത്താൻ കഴിയുന്ന അസാധാരണ ഭരണവൈഭവം അദ്ദേഹത്തിനുണ്ടായിരുന്നെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കെ.കരുണാകരന്റെ 102-ാം ജന്മവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ചും കേരളത്തിലെ ഇന്നത്തെ ഭരണപ്രതിസന്ധിയെ കുറിച്ചും ഓർക്കുമ്പോൾ കരുണാകരനെന്ന നിപുണനായ ഭരണാധികാരിയുടെ ചിത്രമാണ് മനസിലേക്ക് കടന്നുവരുന്നത്.

സമസ്ത മേഖലകളിലും പരാജയപ്പെട്ട ഒരു സർക്കാരും മുഖ്യമന്ത്രിയുമാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

 യു.ഡി.എഫിനെ തകർക്കാൻ ശ്രമം: ചെന്നിത്തല
യു.ഡി.എഫിനെ തകർക്കാൻ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ബോധപൂർവമായ ശ്രമം നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതിനായി കോൺഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്തുകയാണ്. ജനപിന്തുണയുള്ള യു.ഡി.എഫിനെ സി.പി.എമ്മോ ഏതെങ്കിലും മാദ്ധ്യമങ്ങളോ വിചാരിച്ചാൽ തകർക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. കെ.മുരളീധരൻ എം.പി, വി.എം.സുധീരൻ, എം.എം.ഹസൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, കെ.പി.അനിൽകുമാർ,​ കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ ശരത്ചന്ദ്ര പ്രസാദ്, മൺവിള രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ പാലോട് രവി, സജീവ് ജോസഫ്, എം.എം.നസീർ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, പന്തളം സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു. മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപത്തെ ലീഡറുടെ പ്രതിമയിൽ ഹാരാർപ്പണവും പുഷ്‌പാർച്ചനയും നടത്തി.