kuttappan

പാറശാല: മദ്ധ്യവയസ്കനും പത്രം ഏജന്റുമായ കുട്ടപ്പന് വീട്ടിലെത്താനുള്ള പെടാപ്പാട് കണ്ടാൽ ഏവരുടെയും ഉള്ളൊന്നുലയും. അത്രമേൽ യാതന അനുഭവിച്ചാണ് ഓടയിലെ ഊടുവഴിയിലൂടെ ഇദ്ദേഹം സഞ്ചരിക്കുന്നത്. ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ കീഴ്മ്മാകം ഈത്തക്കോട് കെ.എസ് ഭവനിൽ കുട്ടപ്പന്റെ യാതനയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. പൂഴിക്കുന്ന് ജംഗ്ഷനിൽ നിന്നുള്ള ഊടുവഴിയാണ് ഇദ്ദേഹത്തിന്റെ നടവഴി.

ജംഗ്‌ഷനിൽ നിന്നുള്ള വെള്ളം താഴേക്ക് ഒഴുകിപ്പോകുന്നതിന് ഉണ്ടായിരുന്ന ഓടയുടെ ഇരുവശങ്ങളിലും കൂറ്രൻ മതിലുകൾ നിർമ്മിച്ചതോടെയാണ് അഞ്ഞൂറുമീറ്രറോളമുള്ള നടവഴി ഈ അവസ്ഥയിലായത്. ഒന്നര അടിയോളം വീതിയുള്ള വഴിയിലൂടെ ആർക്കും സ്വതന്ത്രമായി നടക്കാൻ കഴിയില്ല. പെരുമഴയായാലും പൊരിവെയിലായാലും ദുരിതം ഇരട്ടിക്കും. മറ്റുള്ളവരെല്ലാം വഴി പണ്ടേ ഉപേക്ഷിച്ചു. എന്നാൽ മറ്ര് മാർഗങ്ങളില്ലാത്തതിനാൽ കുട്ടപ്പന് ഈ വഴി മാത്രമാണ് ശരണം.

നാല് വർഷങ്ങൾക്ക് മുൻപ് കുട്ടപ്പന്റെ ഭാര്യ പൂഴിക്കുന്ന് ജംഗ്‌ഷനിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചപ്പോൾ സമീപത്തെ വീടിന്റെ മതിൽ പൊളിച്ചാണ് മൃതദേഹം വീട്ടിലെത്തിച്ചത്. കുട്ടപ്പന്റെ ദുരിതങ്ങൾ മനസിലാക്കിയ ചെങ്കൽ സഹകരണ ബാങ്ക് അധികൃതർ വീടിന് സമീപത്തുള്ള വാങ്ങിയപ്പോൾ അരികിലൂടെ വഴി നൽകാമെന്ന് ഉറപ്പുനൽകി. ഇതിൽ പ്രതീക്ഷയർപ്പിച്ച് കഴിയുകയാണ് ഈ കുടുംബം.