gold

തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി നയതന്ത്ര പ്രതിനിധികൾക്കുള്ള പ്രത്യേക പരിരക്ഷയുടെ മറവിൽ സ്വർണം കടത്താനുള്ള ശ്രമം തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ വിഫലമാക്കി.

ദുബായിൽ നിന്ന് ചാർട്ടേഡ് വിമാനത്തിലെത്തിയ ഡിപ്ലോമാറ്റിക് ലഗേജിൽ നിന്ന് 15 കോടി രൂപ വില വരുന്ന 35 കിലോയിലേറെ ( 4375 പവൻ )​ സ്വർണമാണ് പിടിച്ചത്.ഇതുമായി​ ബന്ധപ്പെട്ട് തി​രുവനന്തപുരം യു.എ.ഇ. കോൺ​സലേറ്റി​ലെ ഒരു ഉദ്യോഗസ്ഥനെ കസ്റ്റഡി​യി​ലെടുത്തു. സംസ്ഥാനത്ത് ഇത്രയധി​കം സ്വർണ്ണക്കടത്ത് പി​ടി​ക്കുന്നതും ഇതാദ്യം.

ജൂൺ 30ന് ദുബായിലെ ഇന്ത്യൻ കോൺസലേറ്റിന്റെ അനുമതിയോടെ തിരുവനന്തപുരത്തെ ഒരു സുപ്രധാന ഒാഫീസിലേക്ക് അയച്ച ലഗേജിൽ ഡോർ ലോക്ക്, ഹാൻഡിൽ തുടങ്ങിയ വസ്തുക്കൾക്കൊപ്പം റോളുകളും റിംഗുകളുമാക്കിയാണ് സ്വർണം വച്ചിരുന്നത്.ഒൗദ്യോഗിക പ്രതിനിധിയാണ് ലഗേജ് വാങ്ങാനെത്തിയത്. രേഖകൾ നൽകുന്നതിലെ ആശയക്കുഴപ്പം കസ്റ്റംസ് ഉദ്യോഗസ്ഥരിൽ സംശയമുണ്ടാക്കി. കസ്റ്റംസ് കമ്മിഷണർ ഡൽഹിയിൽ വിദേശ മന്ത്രാലയവുമായി ബന്ധപ്പെട്ട് അനുമതി തേടിയ ശേഷം ഇന്നലെ ലഗേജ് പൊളിച്ച് പരിശോധിച്ചപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്.ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെത്തി കൂടുതൽ നടപടികൾക്ക് നി​ർദ്ദേശി​ച്ചു. സാധാരണ സ്വർണ്ണക്കടത്ത് കേസിനെക്കാൾ ഗുരുതരമാണ് ഡിപ്ളോമാറ്റിക് ചാനലിൽ കടത്തുന്നത്. ഇതിന് പിന്നിലുള്ളവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു.

കൊവിഡ് വ്യാപന കാലമായതിനാൽ നയതന്ത്ര ഉദ്യോഗസ്ഥർക്കുള്ള പി.പി.ഇ കിറ്റുകളും ഡിപ്ളോമാറ്റിക് ചാനലിൽ അയയ്ക്കാറുണ്ടെന്ന് വിമാനത്താവള അധികൃതർ സൂചിപ്പിച്ചു. ഡിപ്ളോമാറ്റിക് ബാഗേജായതിനാൽ അതിസൂക്ഷ്മ പരിശോധനകൾ നടക്കാറില്ല. ഇതിനാലാണ് സ്വർണക്കടത്തുകാർ ഈ മാർഗം തിരഞ്ഞെടുത്തതെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന. മുമ്പ് ഇത്തരത്തിൽ കള്ളക്കടത്ത് നടന്നോയെന്നും അന്വേഷിക്കും. .

പരിശോധന വേണ്ടാത്ത

ഡിപ്ളോമാറ്റിക്ക് ബാഗേജ്

എംബസികളിലെ നയതന്ത്ര പരിരക്ഷയുള്ളവരുടെ പേരിൽ വിദേശ നയതന്ത്രകാര്യാലയങ്ങളു‌ടെ അനുമതിയോടെ രാജ്യത്തെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് അയയ്‌ക്കുന്ന ഒൗദ്യോഗികരേഖകളും വ്യക്തിഗതവും ഒൗദ്യോഗികവുമായ വസ്തുക്കളുമാണ് ഡിപ്ളോമാറ്റിക് ചാനലിലൂടെ എത്തുന്നത്. ഇത് പരിശോധനകൾക്ക് വിധേയമാക്കാറില്ല. പരിശോധിക്കണമെങ്കിൽ നയതന്ത്രകാര്യാലയത്തിന്റെയും വിദേശമന്ത്രാലയത്തിന്റെയും അനുമതി വേണം. സംശയമുണ്ടെങ്കിൽ പെട്ടി സീൽ ചെയ്ത് ഉടമസ്ഥന് കൈമാറാതെ സൂക്ഷിക്കും. ഒൗദ്യോഗിക പ്രതിനിധികളുടെ മുന്നിൽ വച്ച് മാത്രമാണ് തുറക്കാനാകുക. ഇത് സ്വീകരിക്കാൻ ബന്ധപ്പെട്ട ഒാഫീസിലെ സീനിയർ ഉദ്യോഗസ്ഥൻ നേരിട്ടെത്തി ഫോറം 7 എന്ന ഇൻഫർമേഷൻ സ്ളിപ്പും,ഡി.ആർ. 1 എന്ന അനുമതി പത്രവും സമർപ്പിക്കണം.