juventus

ടുറിനോയെ 4-1ന് കീഴടക്കി യുവന്റസ് ഇറ്റാലിയൻ സെരി എയിൽ ഒന്നാംസ്ഥാനത്ത് തുടരുന്നു

രണ്ടാം സ്ഥാനക്കാരായ ലാസിയോ എ.സി മിലാനോട് തോറ്റതോടെ യുവന്റസിന് ഏഴ് പോയിന്റ് ലീഡ്

റോം : ചരിത്രമെഴുതിയ വെറ്ററൻ ഗോൾ കീപ്പർ ജിയാൻ ലൂഗി ബഫണും ഒരു ഗോൾ നേടിയും ഒരു ഗോളടിപ്പിച്ചും തിളങ്ങിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ചേർന്ന് ഇറ്റാലിയൻ സെരി എയിൽ ടൂറിനോയ്ക്കെതിരെ യുവന്റസിനായി ഒരുക്കിയത് തകർപ്പൻ വിജയം. ഒന്നിനെതിരെ നാലുഗോളുകൾക്കായിരുന്നു യുവയുടെ വിജയം.

യുവയുടെ തട്ടകമായ അലിയൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മൂന്നാംമിനിട്ടിൽ ഡിബാലയിലൂടെയാണ് യുവന്റസ് സ്കോറിംഗ് തുടങ്ങിയത്.

ആദ്യപകുതിയിൽ ക്വാർഡ്വാഡോയും സ്കോർ ചെയ്തു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ടോറിനോ ഒരുഗോൾ മടക്കിയത്. രണ്ടാംപകുതിയിൽ തകർപ്പനൊരു ഫ്രീകിക്കിലൂടെ ക്രിസ്റ്റ്യാനോ ഒരുഗോൾ കൂടി നേടിയപ്പോൾ 87-ാം മിനിട്ടിൽ ഡിഡ്ജി സെൽഫ് ഗോളിലൂടെ യുവയ്ക്ക് ഒരു ഗോൾ സമ്മാനിക്കുകയായിരുന്നു.

ഇൗ വിജയത്തോടെ യുവന്റസിന് 30 മത്സരങ്ങളിൽനിന്ന് 75 പോയിന്റായി. രണ്ടാംസ്ഥാനത്തുള്ള ലാസിയോയ്ക്ക് ഇത്രയും മത്സരങ്ങളിൽ നിന്ന് 68 പോയിന്റാണുള്ളത്. കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ എ.സി മിലാനോട് മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ലാസിയോ തോറ്റതാണ് യുവന്റസിന്റെ സന്തോഷം ഇരട്ടിയാക്കിയത്. കലാനോഗ്ളു, സ്ളാട്ടൻ ഇബ്രാഹിമോവിച്ച് , ആന്റേ റെബിച്ച് എന്നിവർ നേടിയ ഗോളുകൾക്കാണ് എ.സി മിലാന്റെ വിജയം. ഇൗ വിജയത്തോടെ 30 കളികളിൽനിന്ന് 46 പോയിന്റായ എ.സി മിലാൻ ആറാം സ്ഥാനത്താണ്.

സെരി എ പോയിന്റ് നില

ടീം, കളി, പോയിന്റ്

യുവന്റസ് 30-75

ലാസിയോ 30-68

ഇന്റർമിലാൻ 30-64

അറ്റലാന്റ 29-60

എ.എസ്. റോമ 29-48

ക്രിസ്റ്റ്യാനോ

കാത്തുകാത്തിരുന്ന

ഫ്രീകിക്ക് ഗോൾ

ടൂറിനോയ്ക്കെതിരെ ഫ്രീകിക്കിലൂടെ ഗോൾ നേടാനായപ്പോൾ തന്റെ രണ്ടുവർഷത്തെ കാത്തിരിപ്പിന് അവസാനമായതായി യുവന്റസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ.

ഇന്നലെ മത്സരത്തിന്റെ 61-ാം മിനിട്ടിലാണ് ഫ്രീകിക്കിലൂടെ ക്രിസ്റ്റ്യാനോ വല കുലുക്കിയത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ 42 തവണ ക്രിസ്റ്റ്യാനോ ഫ്രീകിക്ക് എടുത്തിരുന്നുവെങ്കിലും ഒന്നും ഗോളായിരുന്നില്ല.

2018 ലോകകപ്പിൽ പോർച്ചുഗലിനുവേണ്ടി ഫ്രീകിക്കിൽനിന്ന് ക്രിസ്റ്റ്യാനോ എടുത്ത തകർപ്പൻ ഗോൾ ചർച്ചയായിരുന്നു. അതിനുശേഷമാണ് ഫ്രീകിക്ക് ഗോളുകൾ താരത്തെ വിട്ടുനിന്നത്.

'ക്രിസ്റ്റ്യാനോ ഫ്രീകിക്കിലൂടെ ഗോൾ നേടിയപ്പോൾ എനിക്കത് വലിയ സംഭവമായി തോന്നിയില്ല. എന്നാൽ ഗോളടിച്ചതിന് ശേഷം എന്റെ അരികിലെത്തി, ഒടുവിൽ ഞാനത് നേടി എന്ന് ക്രിസ്റ്റ്യാനോ പറഞ്ഞപ്പോൾ ആ കാത്തിരിപ്പിന്റെ കാര്യം എനിക്ക് മനസിലായി.

മൗറീഷ്യോസറി

യുവന്റസ് കോച്ച്

റെക്കാഡ് ബഫൺ

ഇറ്റാലിയൻ ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന താരമെന്ന റെക്കാഡ് ഇനി യുവന്റസിന്റെ ജിയാൻ ലൂഗി ബഫണിന് സ്വന്തം.

648

മത്സരങ്ങളാണ് ഇറ്റാലിയൻ സെരി എയിൽ ബഫൺ പൂർത്തിയാക്കിയത്. പോളോ മാൽഡീനിയുടെ റെക്കാഡാണ് മറികടന്നത്.

2001

ലാണ് ബഫൺ യുവന്റസിന്റെ ഗോൾ കീപ്പറായി എത്തിയത്.

18

വർഷമായി യുവന്റസിന്റെ കുപ്പായമണിയുന്നു.

2018

ൽ ഒരുവർഷത്തേക്ക് പാരീസ് എസ്.ജിയിലേക്ക് പോയെങ്കിലും മടങ്ങിയെത്തി.

42

വയസാണ് ഇപ്പോൾ ബഫണിന്. ഒപ്പം കളിച്ചവരിൽ ആരും ഇപ്പോൾ കളിക്കളത്തിൽ തുടരുന്നില്ല.

23-ാം വയസിലാണ് യുവന്റസിലേക്ക് എത്തുന്നത്.

1995

ൽ പാർമയ്ക്ക് വേണ്ടിയാണ് പ്രൊഫഷണൽ കരിയറിൽ അരങ്ങേറിയത്.

168

മത്സരങ്ങളിൽ പാർമയ്ക്ക് വേണ്ടി വലകാത്തു.

176

ഇറ്റാലിയൻ ദേശീയ ടീമിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച റെക്കാഡും ബഫണിന് തന്നെ.

9

സെരി എ കിരീടങ്ങൾ യുവന്റസിനൊപ്പം നേടി

14

മത്സരങ്ങളിലാണ് ഇൗ സീസണിൽ യുവന്റസിനായി വല കാത്തത്.

ഫുട്ബാളിനെ അത്രയേറെ ഇഷ്ടപ്പെടുന്നു. ഇപ്പോഴും മികച്ച ഫോമിലായതിനാലാണ് എനിക്ക് തുടരാൻ കഴിയുന്നത്.

ബഫൺ