wastegodow

കുഴിത്തുറ: കൊവിഡ് വ്യാപനം തടയാൻ പൊതുജനങ്ങൾക്ക് ശുചിത്വസന്ദേശം നൽകുമ്പോഴും മാലിന്യ നിർമാർജനത്തിൽ അധികൃതർ കാട്ടുന്ന അനാസ്ഥ തമിഴ്നാട്ടിലെ ഒരു നാടിനെയാകെ ഭീതിയിലാക്കിയിരിക്കുകയാണ്. തമിഴ്നാട് - കേരള അതിർത്തി പ്രദേശമായ പടന്താലുംമൂടിന് സമീപം മീനച്ചൽ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന, കളിയിക്കാവിള മുനിസിപ്പാലിറ്റിയുടെ മാലിന്യ നിക്ഷേപ കേന്ദ്രമാണ് ആശങ്ക പടർത്തുന്നത്. ഇവിടെയാണ് അതിർത്തിയിലെയും കളിയിക്കാവിള മുൻസിപ്പാലിറ്റിക്ക് കീഴിലുള്ള വീടുകളിലെയും പൊതുസ്ഥലങ്ങളിലെയും മാലിന്യങ്ങൾ ശേഖരിച്ച് കൊണ്ട് വന്ന് നിക്ഷേപിക്കുന്നത്. ഇത് അധികൃതർ കൃത്യമായി മാറ്റാതെയും നിർമാർജ്ജനം ചെയ്യാതെയും വർഷങ്ങളായി കൂട്ടിയിട്ടിരിക്കുകയാണ്. കൊവിഡ് വ്യാപനം തുടങ്ങിയത് മുതൽ കൊവിഡ് ടെസ്റ്റ് സെന്ററുകളിലെയും ക്വാറന്റൈൻ കേന്ദ്രങ്ങളിൽ നിന്നുള്ള മാസ്ക്, ഗ്ലൗസ്, സിറിഞ്ച് തുടങ്ങിയ മാലിന്യങ്ങളും ശേഖരിച്ച് ഇവിടെയാണ് നിക്ഷേപിക്കുന്നത്. ഇവ ഉപയോഗശേഷം കൃത്യമായി നിർമാർജനം ചെയ്യണമെന്ന് സർക്കാർ ബോധവത്കരണം നടത്തുമ്പോഴും മുനിസിപ്പാലിറ്റി അധികൃതർക്ക് ഇതൊന്നും ബാധകമല്ലെന്ന മട്ടാണ്. നിലവിൽ കുമിഞ്ഞുകൂടിയ മാലിന്യങ്ങളിൽ നിന്നും മലിനജലം റോഡിലൂടെ ഒഴുകി അടുത്തുള്ള കുളത്തിലും മറ്റും എത്തുന്നതിനാൽ ദുർഗന്ധം കാരണം ബുദ്ധിമുട്ടുകയാണ് നാട്ടുകാർ. കൊവിഡ് മാലിന്യങ്ങൾ കൂടി ഇവിടെ നിക്ഷേപിക്കാൻ തുടങ്ങിയതോടെ രോഗഭീതിയിലാണ് മീനച്ചലിലെ ജനങ്ങൾ. ഇവിടെ നിന്ന് മാലിന്യങ്ങൾ മാറ്റാത്തതിനാൽ മാസ്കും മറ്റും പക്ഷികൾ കൊത്തിയെടുത്ത് പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്ന അവസ്ഥയുമുണ്ട്. പകർച്ചവ്യാധി ഭീഷണിയും ശക്തമാണ്. കന്യാകുമാരി ജില്ലയിൽ കൊവിഡ് അതിവേഗം പടരുമ്പോഴും അധികൃതർ അനാസ്ഥ തുടരുകയാണെന്നാണ് ആക്ഷേപം.