വെള്ളനാട് : സി.ആർ.പി.എഫ് ജവാന്റെ പരിശോധനാ ഫലം കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് പഞ്ചായത്തിലെ രണ്ട് വാർഡുകൾ കളക്ടർ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. വെള്ളനാട് ടൗൺ, കണ്ണംപള്ളി വാർഡുകളാണത്. ഈപ്രദേശങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കി. ഒരാഴ്ചത്തേക്കാണ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. നാലുമുക്ക്-കുളക്കോട് റോഡ്, അനൂപ് അവന്യൂ, കുതിരകുളം റോഡിൽ വയലിക്കട, ആര്യനാട് റോഡിൽ വെള്ളൂപ്പാറ എന്നീ റോഡുകൾ അടച്ചു. ഈ സോണിൽ ഉൾപ്പെടുന്നവരെ ആരെയും പുറത്തേക്ക് വിടുകയോ പുറത്തുനിന്ന് ആരെയും ഈ വാർഡുകളിലേക്ക് കടത്തി വിടുകയോ ചെയ്യില്ല. സോണിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകളിലും നിയന്ത്രണം ഉണ്ടാകും. ജവാനുമായി അടുത്ത് ഇടപഴകിയവരുടെ സ്രവ പരിശോധനയും ഉടൻ നടത്തും.
പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി
സി.ആർ.പി ജവാന്റെ പരിശോധനാ ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് വെള്ളനാട് പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഫലം പുറത്തുവന്നതോടെ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ടവരുടെ അടിയന്തര യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾക്ക് രൂപം നൽകുകയായിരുന്നു. ജവാനുമായി സമ്പർക്കം പുലർത്തിയ 110പേരോട് സ്വയം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. യുവാവ് വെള്ളനാട് ജംഷനിൽ എത്തിയ കടകളിലും മറ്റ് സ്ഥാപനങ്ങലും ഫയർഫോഴ്സ് അണുവിമുക്തമാക്കി. കഴിഞ്ഞ മാസം 16നാണ് ശ്രീനഗറിൽ നിന്നു സി.ആർ.പി ജവാൻ നാട്ടിലെത്തിയത്. തുടർന്ന് 30 വരെ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഈ മാസം മൂന്നിനാണ് പരിശോധനാ ഫലം പുറത്തുവന്നത്. ക്വാറന്റൈൻ കാലാവധി കഴിഞ്ഞ് ജവാൻ പിതാവിന്റെ കടയിലും സമീപത്തെ നിരവധി കടകളിലും എത്തിയിരുന്നു. ഇതിനിടയിൽ വെഞ്ഞാറമൂട് വേളാവൂരിലെ ക്ഷേത്രത്തിലും തൊളിക്കോട്ടെ ഭാര്യാവീട്ടിലും കുടുംബസമേതം എത്തിയിരുന്നു.
വെള്ളനാട് നിന്നു ബസ് സർവീസില്ല
വെള്ളനാട് കെ.എസ്.ആർ.ടി.സി ഡിപ്പോ കണ്ടെയ്ൻമെന്റ് സോണിലായതിനാൽ ഇന്ന് മുതൽ വെള്ളനാട് ഡിപ്പോയിൽ നിന്നു സർവീസുകൾ നിറുത്തി വയ്ക്കുമെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു. എന്നാൽ മറ്റ് ഡിപ്പോകളിൽ നിന്നുള്ള സർവീസുകൾ നടക്കും. ഡിപ്പോയിൽ ഉൾപ്പെടെ സോണിലുള്ള പ്രദേശങ്ങളിൽ ബസുകൾക്ക് സ്റ്റോപ്പ് ഉണ്ടായിരിക്കില്ല.