dhoni-b

കാലചക്രത്തിന്റെ ദശാസന്ധികളിൽ ആകസ്മികമായാണ് മഹാപ്രതിഭകൾ പിറവിയെടുക്കുന്നതെന്ന് പറയാറുണ്ട്. തന്റെ ലക്ഷ്യം ഏതെന്ന് അറിയില്ലെങ്കിൽ പോലും ചില ആകസ്മികതകൾ അവരെ പോകേണ്ടവഴിക്ക് വഴിക്ക് തിരിച്ചുവിടും.

അല്ലെങ്കിൽ പിന്നെ സ്കൂളിൽ പഠിക്കുമ്പോൾ ഫുട്ബാൾ ഗോൾകീപ്പിംഗിൽ ഹരം കണ്ടെത്തിയിരുന്ന ആ പയ്യനെ ക്രിക്കറ്റ് ടീമിലെ ഒഴിവുവന്ന വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്ക് കൊണ്ടുവരാൻ ആ കായികാദ്ധ്യാപകൻ തീരുമാനിച്ചത് എങ്ങനെയാണ്?

ചെറുനഗരങ്ങളിൽനിന്ന് വലിയ പ്രതിഭകളെ വളർത്തിയെടുക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പദ്ധതി ആവിഷ്കരിച്ചപ്പോൾ അതിലൂടെ റാഞ്ചിക്കാരനൊരു പയ്യൻ കയറിവരുമെന്നും അവൻ പിന്നീട് ഇന്ത്യൻ ക്രിക്കറ്റിന്റെ അത്‌ഭുത നായകനാകുമെന്നും ആരറിഞ്ഞു?

ട്വന്റി 20 എന്ന പുതിയ ഫോർമാറ്റിൽ ലോകകപ്പ് വന്നപ്പോൾ അതിൽ പുതിയ കുട്ടികൾ കളിക്കട്ടെ നമുക്ക് മാറിക്കൊടുക്കാം എന്ന് അന്നത്തെ ക്യാപ്ടനായിരുന്ന രാഹുൽ ദ്രാവിഡിനെക്കൊണ്ട് സീനിയർ താരങ്ങളോട് പറയിച്ചതെന്താവാം?

2007 ൽ പ്രഥമ ട്വന്റി 20 ലോകകപ്പിനായി ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുമ്പോൾ ആരായിരിക്കണം ക്യാപ്ടൻ എന്ന ചോദ്യത്തിന് ധോണിയേക്കാൾ മികച്ചവരെന്ന് കരുതപ്പെട്ടിരുന്ന യുവ്‌രാജും മുഹമ്മദ് കൈഫും ഉണ്ടായിരുന്നിട്ടും ''അത് ധോണി ആയാലെന്താ" എന്ത് സച്ചിൻ ടെൻഡുൽക്കർ മറുപടി പറഞ്ഞതെന്തിനാകാം?

2007 ലെ ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിൽ പാകിസ്ഥാനെതിരെ അവസാന ഒാവർ എറിയാൻ ഒരു പാവത്താന്റെ പരിവേഷമുണ്ടായിരുന്ന,അതിനു മുമ്പ് നന്നായി തല്ലുകിട്ടിയിരുന്ന ജോഗീന്ദർ ശർമ്മയെ പന്തേൽപ്പിക്കാൻ കാരണമെന്താകാം?

ആരും പ്രതീക്ഷിക്കാതൊരു പൊസിഷനിൽ ശ്രീശാന്തിനെ മിസ്ബ ഉൽഹഖിന്റെ ആ ക്യാച്ചെടുക്കാൻ മാത്രം നിറുത്തിയത് എന്തിനാവാം?

2011 ലോകകപ്പിന്റെ ഫൈനലിൽ സെവാഗും സച്ചിനും വിരാടും പുറത്തായപ്പോൾ അഞ്ചാമനായി ഇറങ്ങാനൊരുങ്ങിയ യുവ്‌‌രാജിനോട് കാത്തിരിക്കൂ എന്ന് പറഞ്ഞ് ബാറ്റുമായി ഇറങ്ങാൻ ധോണിയെ പ്രേരിപ്പിച്ചതെന്താവാം?

ഇനിയും ഉത്തരം കിട്ടാത്ത ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങളാണ് മഹേന്ദ്രസിംഗ് ധോണിയെ ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസമാക്കിത്തീർത്തത്.

റാഞ്ചിയിലെ ഒരു സാധാരണ സർക്കാർ കമ്പനിത്തൊഴിലാളിയുടെ മകനായി ജനിച്ച്, സാധാരണക്കാരനായി വളർന്ന് അസാധാരണ ഭാഗ്യംകൊണ്ട് ചരിത്രം കുറിച്ച ആളാണ് ധോണിയെന്ന് സാമാന്യേന പറഞ്ഞാലും ആ ഭാഗ്യത്തിലേക്ക് എത്തുവാൻ അദ്ദേഹം എടുത്ത കഠിനപ്രയത്‌നവും ദൈവീക വരദാനമായി ലഭിച്ച കഴിവും വിസ്മരിക്കാനാവില്ല. കഴിവുകൊണ്ട് മാത്രമാരും ക്രിക്കറ്റിൽ രക്ഷപ്പെട്ടിട്ടില്ല, പ്രത്യേകിച്ച് ഇന്ത്യൻ ക്രിക്കറ്റിൽ. ചിലർക്ക് കഴിവിനൊപ്പം തലതൊട്ടപ്പൻമാരുടെ പിന്തുണയുണ്ടാകും. ചിലർക്ക് ഭാഗ്യമുണ്ടാകും. അവസരങ്ങൾ വീണുകിട്ടും. എന്നാൽ ധോണിക്ക് ഗോഡ്ഫാദർമാർ ആരുമുണ്ടായിരുന്നില്ല. അവസരങ്ങൾ വീണുകിട്ടിയതുമില്ല. തുടക്കത്തിൽ ലഭിച്ച അവസരങ്ങൾ മുതലാക്കാനുമായില്ല. സെലക്ടർമാരുടെ ശ്രദ്ധ ആകർഷിക്കാനായി അവർ ഇരിക്കുന്ന സ്ഥലത്തേക്ക് തന്നെ സിക്സുകൾ അടിച്ചിട്ടുണ്ട്. ഇന്ത്യൻ എ ടീമിലേക്ക് എങ്കിലും വരാൻ വേണ്ടി പലപ്പോഴും ബാറ്റിംഗ് ഒാർഡറിൽ മനപൂർവം മുകളിലേക്ക് കയറിയിട്ടുണ്ട്.

വെല്ലുവിളികൾ ഏറ്റെടുക്കാൻ ധൈര്യം കാട്ടിയതാണ് ധോണിയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടങ്ങൾക്ക് കാരണമായതെന്ന് നിസംശയം പറയാം. വിക്കറ്റുകൾ കൈമോശം വരുമ്പോൾ പാറപോലെ ഉറച്ചുനിന്ന് ചേസിംഗ് വിജയം നേടുന്നതിനേക്കാൾ പ്രയാസമാണ് ഇതാ ഇൗ ടീമിനെ ലോകകപ്പിൽ നയിക്കൂ എന്ന് പറഞ്ഞ് നിങ്ങളെ ഏൽപ്പിക്കുമ്പോൾ. നല്ലൊരുപദേശം നൽകാൻ പോലും സീനിയേഴ്സ് ആരുമില്ലാത്ത സ്ഥിതിയിലാണ് 2007 ൽ ധോണി ടീമിനെയും കൊണ്ട് ട്വന്റി 20 ലോകകപ്പ് കളിക്കാൻ പോകുന്നത് ആ വെല്ലുവിളി സധൈര്യം ഏറ്റെടുത്ത് വിജയിച്ചപ്പോഴാണ്. സച്ചിന് ധോണിയിൽ കണ്ടെത്താനായ നായകശേഷി ഇന്ത്യൻ ക്രിക്കറ്റ് ലോകവും തിരിച്ചറിഞ്ഞത്. സ്വന്തം നാട്ടിൽ നടന്ന ലോകകപ്പുകളിൽ ഇതുവരെ ആരും കിരീടം നേടിയിട്ടില്ല എന്ന ചരിത്രം മാറ്റിയെഴുതിയാണ് 2011 ലെ ലോകകപ്പിൽ ധോണി കിരീടം ഏറ്റുവാങ്ങിയത്.

ഇൗ വിജയങ്ങൾ എല്ലാം ധോണിയുടെ മാത്രം കഴിവുകൊണ്ടാണെന്ന് പറയാനാവില്ല. 2007 ലെയും 2011 ലെയും ലോകകപ്പുകളിൽ യുവ്‌രാജും ഗംഭീറുമൊക്കെ അവരുടെ പ്രതിഭയുടെ ഉത്തുംഗ ശ്രേണിയിലായിരുന്നു. 2013 ലെ ചാമ്പ്യൻസ് ട്രോഫിയിൽ ശിഖാർ ധവാൻ അപാര ഫോമിലായിരുന്നു. ന്യൂസിലാൻഡിൽ ചെന്ന് പരമ്പര നേടിയപ്പോൾ ഗൗതം ഗംഭീർ അപ്രതിരോധ്യനായിരുന്നു. മഹാമേരുവിനെപ്പോലെ വീരും വൻ വൃക്ഷങ്ങളായി സച്ചിനും ദ്രാവിഡും ഗംഗുലിയും ലക്ഷ്മണുമൊക്കെ ധോണിക്കൊപ്പമുണ്ടായിരുന്നു.ഇവരുടെയൊക്കെ കൂടി വിജയമാണ് ധോണിയുടെ വിജയം. കാരണം ഇൗ പൊൻമുത്തുകളെയെല്ലാം മലയാളി കോർത്തിടാൻ പിറന്ന കനക നൂലായിരുന്നു ധോണി.