photo

നെടുമങ്ങാട്: നഗരസഭയുടെ സ്വപ്നപദ്ധതിയായ കുട്ടികളുടെ കൊട്ടാരം ചിറ നവീകരണത്തിലും ഉദ്യാന വത്കരണത്തിലും ഒതുങ്ങുമെന്ന് ആശങ്ക. കുരുന്നു മനസുകളിലെ സർഗശേഷി പരിപാലനത്തിനായി കാരോട് ചിറയുടെ കരയിൽ കേരളീയ വാസ്തുമാതൃകയിൽ മന്ദിരങ്ങൾ പണിയാനും പൂന്തോട്ടം വച്ചു പിടിപ്പിക്കാനും ആവിഷ്കരിച്ച പദ്ധതിയാണ് കേവലം ചിറ നവീകരണത്തിൽ കലാശിച്ചത്. ചിറയുടെ സമീപത്തെ ഇരുപത് സെന്റ് പുരയിടം നഗരസഭയ്ക്ക് വിലയാധാരം നൽകാൻ സ്വകാര്യ വ്യക്തി വിസമ്മതിച്ചതാണ് തകിടം മറിച്ചിലിന് കാരണം. രണ്ടു പതിറ്റാണ്ടായി നഗരവാസികൾ സ്വപ്നം കണ്ടിരുന്ന പദ്ധതിയാണ് കുട്ടികളുടെ കൊട്ടാരം.

തിരഞ്ഞെടുപ്പ് വേളകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പദ്ധതി കാലങ്ങളായി പ്രഖ്യാപനത്തിൽ മാത്രം ഒരുങ്ങുകയായിരുന്നു. നിലവിലെ കൗൺസിൽ അധികാരത്തിൽ വന്നതിനു ശേഷമാണ് പദ്ധതിക്ക് ജീവൻ വച്ചത്. നഗരഹൃദയത്തിലെ ജലസമൃദ്ധമായ ചിറ അന്യാധീനപ്പെട്ടു പോകാതിരിക്കാനുള്ള മുൻകരുതൽ കൂടിയായിരുന്നു കുട്ടികളുടെ കൊട്ടാരം പദ്ധതി. അര ഏക്കറിലേറെ സ്ഥലത്ത് പരന്നു കിടന്നിരുന്ന കുളവും പുറമ്പോക്കും കൈയേറ്റക്കാരുടെ പിടിയിലമർന്നത് സംബന്ധിച്ച് നിരവധി പരാതികളാണ് ഉയർന്നത്. റവന്യു വകുപ്പിന്റെ സഹായത്തോടെ നഗരസഭ നടത്തിയ ഓപ്പറേഷനിൽ ഇരുപത് സെന്റോളം സ്ഥലം പിടിച്ചെടുത്തു. കുളത്തിൽ നിന്ന് 180 ലോഡ് മാലിന്യമാണ് നീക്കം ചെയ്തത്. നിലവിൽ 38 സെന്റാണ് ചിറയുടെ ഭാഗമായി രേഖകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സമീപ പുരയിടം പൊന്നുംവില നൽകി ഏറ്റെടുത്ത് ഉദ്യാന വിപുലീകരണവും കൊട്ടാര നിർമ്മാണവും പൂർത്തിയാക്കാനുള്ള നഗരസഭയുടെ ശ്രമമാണ് തകിടം മറിഞ്ഞത്.

ഉന്നം പിഴച്ച പദ്ധതി

നെടുമങ്ങാട് - ആര്യനാട് റോഡിലെ കാരോട് വളവിൽ 75 ലക്ഷം രൂപ ചെലവിട്ടാണ് ചിറ നവീകരണവും പൂന്തോട്ട വത്‌ക്കരണവും നടപ്പിലാക്കുന്നത്. കുട്ടികളുടെ പാർക്ക് , ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാവുന്ന കളിയുപകരണങ്ങൾ, ഓപ്പൺ എയർ ആഡിറ്റോറിയം, എഫ്.എം റേഡിയോ സൗകര്യങ്ങൾ,ശൗചാലയങ്ങൾ എന്നിവയോടു കൂടിയ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കുന്നതിനായി 'ടേക്ക് എ ബ്രേക്ക് ' എന്ന പേരിൽ വിശ്രമമുറിയും ഇവിടെ സജ്ജമാക്കുന്നുണ്ട്. കഫ്‌റ്റേരിയയാണ് മറ്റൊരു പ്രത്യേകത. സ്ത്രീകൾക്കു വിശ്രമിക്കുന്നതിന് പ്രത്യേക സംവിധാനമൊരുക്കുമെന്ന് അധികൃതർ പറഞ്ഞു. കുളത്തിന്റെ കരയിൽ കുട്ടികളുടെ കൊട്ടാരം വരുന്നതോടെ തലസ്ഥാനത്തെ ജവഹർ ബാലഭവനോളം പോന്ന സാംസ്‌കാരിക കേന്ദ്രമായി ഇവിടം മാറുമെന്നായിരുന്നു പ്രതീക്ഷ.നെടുമങ്ങാട് താലൂക്കിലെ തദ്ദേശ സ്ഥാപനങ്ങളും വിദ്യാലയങ്ങളും തിരഞ്ഞെടുക്കുന്ന കുട്ടികളെ താമസിപ്പിച്ച് ചിത്രകലയിലും സംഗീതത്തിലും ഇതര കലാരൂപങ്ങളിലും പരിശീലനമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ നഗരസഭ പരിധിയിലുള്ള മറ്റു പാർക്കുകളുടെ ഗതി കാരോട് ചിറയ്ക്കും വരുമെന്നാണ് നഗരവാസികൾ ആശങ്കപ്പെടുന്നത്.