തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്നാം ദിവസവും 200 കടന്നതോടെ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനത്തിൽ ആശങ്കയേറി. ഇന്നലെ രോഗം സ്ഥിരീകരിച്ച 225 പേരിൽ 38പേർക്കും സമ്പർക്കത്തിലൂടെയാണ് ബാധിച്ചതെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
ആദ്യമായാണ് ഇത്രയധികംപേർ സമ്പർക്കത്തിലൂടെ രോഗബാധിതരാകുന്നത്. സമൂഹവ്യാപനം ഉണ്ടായെന്ന വാദത്തെ ഇതു ശരിവയ്ക്കുന്നു.
ഈ 38 കേസുകളിൽ 22 എണ്ണവും റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരത്താണ്. കോഴിക്കോട്- 5, കാസർകോട്-4 , എറണാകുളം-3 , മലപ്പുറം -2 , കൊല്ലം-1, ആലപ്പുഴ-1 എന്നിങ്ങനെയാണ് കണക്ക്.തിരുവനന്തപുരം ജില്ലയിൽ പുതിയ രോഗികൾ 27 പേരാണ്.
കണ്ണൂരിൽ 7 ഡി.എസ്.സി. ജവാൻമാർക്കും 2 സി.ഐ.എസ്.എഫ്. ജവാൻമാർക്കും തൃശൂരിൽ 2 ബി.എസ്.എഫ്.കാർക്കും 2 ഷിപ്പ് ക്രൂവിനും രോഗം ബാധിച്ചു. പുതിയ രോഗബാധിതരിൽ 117പേർ മറ്റു രാജ്യങ്ങളിൽ നിന്നും 57 പേർ സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 126 പേർ രോഗമുക്തരായി.
24 ഹോട്ട് സ്‌പോട്ടുകൾ
തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് (12, 13) അടക്കം സംസ്ഥാനത്ത് പുതുതായി 24 ഹോട്ട് സ്‌പോട്ടുകൾ. ഇതോടെ ആകെ ഹോട്ട് സ്‌പോട്ടുകൾ 153.
ആകെ രോഗികൾ 5427
ചികിത്സയിലുള്ളവർ 2228
രോഗമുക്തർ 3174
ആകെ മരണം 25