നെടുമങ്ങാട്: വിദേശത്തുനിന്നെത്തിയ ശേഷം ക്വാറന്റൈൻ സൗകര്യം ഒരുക്കാതെ അധികൃതർ കൈയ്യൊഴിഞ്ഞ പ്രവാസി വനിതയെ പഞ്ചായത്ത് ഇടപെട്ട് ക്വാറന്റൈനിലാക്കി. ആനാട് ഗ്രാമപഞ്ചായത്തിലെ വഞ്ചുവം നിവാസിയായ വീട്ടമ്മയ്ക്കാണ് ഞായറാഴ്ച രാവിലെ തിരുവനന്തപുരം എയർപോർട്ടിൽ ദുരനുഭവം ഉണ്ടായത്. ഖത്തറിൽ നിന്ന് രാവിലെ മൂന്നിനെത്തിയ ഇവർ തനിക്ക് വീട്ടിൽ ക്വാറന്റൈനുള്ള സൗകര്യം ഇല്ലെന്ന് അധികൃതരെ അറിയിച്ചു. എന്നാൽ എയർപോർട്ടിൽ നിന്ന് പുറത്തുപോകാനാണ് ഇവർ പറഞ്ഞത്. പി.പി.ഇ കിറ്റ് ധരിച്ച് യാത്ര ചെയ്തിരുന്ന ഇവർക്ക് ക്വാറന്റൈനിൽ പോകുന്നതിന് വേണ്ട സഹായമോ യാത്രാ സൗകര്യമോ ഒരുക്കി നൽകിയില്ല. വിവിരമറിഞ്ഞ അനാട് ഗ്രാമപ‌ഞ്ചായത്ത് പ്രസിഡ‌ന്റ് ആനാട് സുരേഷ് തഹസിൽദാർ എം.കെ. അനിൽ കുമാറുമായി ബന്ധപ്പെട്ടു. തുടർന്ന് ടാക്സിയിൽ വ‌ഞ്ചുവത്തുള്ള ബന്ധുവീട്ടിൽ എത്തിച്ച ഇവരെ ആംബുലൻസിൽ വെള്ളനാട്ടെ സ്വകാര്യ എൻജിനീയറിംഗ് കോളേജിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.