theft

കോട്ടയം: അൻപതോളം മോഷണക്കേസുകളിൽ പ്രതികളായ മൂന്നംഗ സംഘം പിടിയിൽ. എറണാകുളം കുറുപ്പംപടിയിൽ കട കുത്തിത്തുറന്ന് 400 കിലോ റബർ ഷീറ്റ് മോഷ്‌ടിച്ച ശേഷം കോട്ടയത്തെത്തിയപ്പോഴാണ് വാഹന പരിശോധനയ്ക്കിടെ ഇവർ കുടുങ്ങിയത്. മൂലമറ്റം ആനിക്കാട് രതീഷ് (40), ഇരവിപുരം എടക്കുടി ജോൺസൺ (30), കോലഞ്ചേരി വാണിക്കാട്ടിൽ ഷിജു (40) എന്നിവരെയാണ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ ബി.എസ് ബിനുവും എസ്.ഐ ടി.എസ് റെനീഷും ചേർന്നു അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം കടുത്തുരുത്തിയിലും പരിസര പ്രദേശങ്ങളിലും ബൈക്കിലെത്തുന്ന സംഘം മാല മോഷണം അടക്കം നടത്തിയിരുന്നു. ഇതോടെയാണ് പൊലീസ് വാഹന പരിശോധന ശക്തമാക്കിയത്. ഇതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ എത്തിയ ഇവരെ ചോദ്യം ചെയ്തതോടെയാണ് മോഷ്ടാക്കളാണെന്ന് വ്യക്തമായത്. പ്രതികളെ കുറുപ്പംപടി പൊലീസിന് കൈമാറി.