rsp

തിരുവനന്തപുരം : ഇ - ബസ് പദ്ധതിയിൽ മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ ആരോപണവുമായി ആർ.എസ്.പി. അഴിമതിയുടെ ഉറവിടം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് ആർ.എ സ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഷിബു ബേബി ജോൺ എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സ്‌പ്രിൻക്ലർ ഡേറ്റാ കച്ചവടത്തിന് സമാനമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൂടിയായ ഐ.ടി സെക്രട്ടറിയാണ് ഹെസ് കമ്പനിയുടെ ഫയലിലും താത്പര്യം എടുത്തിട്ടുള്ളത്. പദ്ധതിയോട് വിയോജിച്ച ധന, ഗതാഗത മന്ത്രിമാരെ ഒഴിവാക്കി മുഖ്യമന്ത്രി യോഗം വിളിച്ചുവെന്നും വിഷയത്തിൽ അമിത താത്പര്യമെടുത്തുവെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ഐ.ടി വകുപ്പുമായി ബന്ധമില്ലാത്ത വിഷയത്തിൽ ഐ.ടി സെക്രട്ടറി ഹെസിന്റെ വാണിജ്യതാത്പര്യം ഉറപ്പിച്ച് നയരൂപീകരണം നടത്താൻ നടപടികൾ സ്വീകരിച്ചത് എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശതകോടികൾ ലഭിക്കുന്ന തേവരയിലെ കെ.എസ്.ആർ.ടി.സി വക 10 ഏക്കർ ഭൂമി യാതൊരുവിധ ടെൻഡർ നടപടിയും കൂടാതെ നൽകി മുഖ്യമന്ത്രിയുടെ ഓഫീസ് നടപടികൾ നിയന്ത്രിച്ചെന്നും മൂവരും പറഞ്ഞു.