ഇരവിപുരം: കാറിന് സൈഡ് നൽകാത്തത് ചോദ്യം ചെയ്തതിന്റെ പേരിൽ ഫ്രൂട്ട്സ് കടയുടമയുടെ പല്ലടിച്ചുതകർത്ത ശേഷം ഒളിവിൽപ്പോയ പ്രതിയെ ഇരവിപുരം പൊലീസ് പിടികൂടി. ഇരവിപുരം കയ്യാലയ്ക്കൽ ഏറത്ത് കിഴക്കതിൽ അമീറാണ് (27) പിടിയിലായത്. വാളത്തുംഗൽ ബാപ്പുജി നഗർ 62 ഡി മങ്കുഴി വടക്കതിൽ സലിമിനാണ് (47) ആക്രമണത്തിൽ പരിക്കേറ്റത്.
ഇക്കഴിഞ്ഞ മാർച്ച് 21ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ചകിരിക്കട ഒട്ടത്തിൽ ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. ആട്ടോറിക്ഷയിൽ വരികയായിരുന്ന അമീർ പിന്നാലെ കാറിൽ വരികയായിരുന്ന സലിമിന് സൈഡ് നൽകാതെ ആട്ടോ റോഡിന് മദ്ധ്യഭാഗത്തായി നിറുത്തിയിട്ടു. ഇത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ കൈയിലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് സലിമിന്റെ പല്ലടിച്ചുതകർക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതി ഒരു ബന്ധുവീട്ടിലുണ്ടെന്ന് കൊല്ലം സിറ്റി ഡി.സി.ആർ.ബി അസി. കമ്മീഷണർ എ. സന്തോഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ കെ. വിനോദ്, എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ് കുമാർ, ദീപു, ഗ്രേഡ് എസ്.ഐ സന്തോഷ്, എ.എസ്.ഐ ഷിബു ജെ. പീറ്റർ, ഗ്രേഡ് എ.എസ്.ഐരാജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.