ന്യൂഡൽഹി : ഭിന്ന താത്പര്യ വിഷയത്തിൽ ലോധ കമ്മിഷൻ നിർദ്ദേശത്തിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ വിരാട് കൊഹ്‌ലി വ്യതിചലിക്കുന്നുവെന്ന പരാതിയുമായി മദ്ധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ അംഗം സഞ്ജീവ് ഗുപ്ത ബി.സി.സി.ഐ എത്തിക്സ് ഒാഫീസർ ഡി.കെ. ജെയിനിനെ സമീപിച്ചു. ബി.സി.സി. ഐയുമായി കരാർ ഉള്ള കൊഹ്‌ലി നിരവധി ബിസിനസ് സംരംഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതാണ്. പരാതിക്ക് ആധാരം. ഒന്നുകിൽ കൊഹ്‌ലി കളി അവസാനിപ്പിക്കണം. അല്ലെങ്കിൽ ബിസിനസ് അവസാനിപ്പിക്കണം എന്നതാണ് ഗുപ്തയുടെ പരാതി
നേരത്തെ സൗരവ് ഗാംഗുലി , സച്ചിൻ ടെൻഡുൽക്കർ, വി.വി.എസ് ലക്ഷ്മൺ എന്നിവർക്കെതിരെയെല്ലാം ഭിന്നതാത്പര്യപ്രശ്നം ഉന്നയിച്ച് പരാതി നൽകിയിരുന്ന ആളാണ് ഗുപ്ത. ഇൗ പരാതികളെല്ലാം പരിശോധിച്ച് ബി.സി.സി.ഐ തള്ളിക്കളഞ്ഞിരുന്നു. മനപൂർവം ബി.സി.സി. ഐക്കെതിരെ പരാതിയുമായി വരുന്നയാളാണ് ഗുപ്തയെന്നും പുതിയ പരാതിയിലും കഴമ്പില്ലെന്നും ബി.സി.സി.ഐ ഭാരവാഹികൾ പറഞ്ഞു.
കുശാൽ മെൻഡിസ് അറസ്റ്റിൽ
കൊളംബോ : താൻ ഒാടിച്ചിരുന്ന കാർ ഇടിച്ച് സൈക്കിൾ യാത്രക്കാരൻ കൊല്ലപ്പെട്ടതിനെതുടർന്ന് ശ്രീലങ്കൻ ക്രിക്കറ്റ് താരം കുശാൽ മെൻഡിസിനെ അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെയാണ് കുശാലിന്റെ കാറിടിച്ച് 64 കാരൻ മരിച്ചത്. 25 കാരനായ ഇൗ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ലങ്കയ്ക്ക് വേണ്ടി 44 ടെസ്റ്റുകളും 76 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.