പേരൂർക്കട: മണ്ണന്തലയിൽ വീടിന്റെ വാതിൽ തകർത്ത് 30000 രൂപയും മൊബൈൽ ഫോണും തകർന്നു. മണ്ണന്തല പെരിയാംകോട് സൂര്യ നഗർ 'ഗോകുലം വീട്ടിൽ അഡ്വ. കെ.ജി സുരേഷ്ബാബുവിന്റെ വീട്ടിലായിരുന്നു മോഷണം. കഴിഞ്ഞ രണ്ടുദിവസമായി സുരേഷ്ബാബുവും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. ഞായറാഴ്ച വൈകിട്ട് 3ന് ബന്ധുവീട്ടിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
ഇരുനില വീടിന്റെ താഴത്തെ നിലയിലെ കതക് കുത്തിപ്പൊളിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ സാധനങ്ങളൊക്കെ വാരിവലിച്ചിട്ട നിലയിലായിരുന്നു. അലമാരകളും കുത്തിത്തുറന്നിരുന്നു. മുകളിലത്തെ നിലയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 30,000 രൂപയും ഒരു സ്മാർട്ട്‌ഫോണുമാണ് നഷ്ടപ്പെട്ടത്. സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടില്ല. മോഷ്ടാക്കൾ വീട്ടിനുള്ളിലിരുന്ന് മദ്യപിച്ചിരുന്നതിനുള്ള സൂചനകളും ലഭിച്ചു. പാര ഉപയോഗിച്ചാണ് കതക് പൊളിച്ചതെന്നും ഒന്നിൽക്കൂടുതൽ മോഷ്ടാക്കൾ സംഭവത്തിനു പിന്നിലുണ്ടെന്ന് സംശയിക്കുന്നതായി മണ്ണന്തല പൊലീസ് അറിയിച്ചു.
സുരേഷ്ബാബുവിന്റെ ബന്ധുവീട് സമീപത്താണ്. അടഞ്ഞുകിടന്ന ഈ വീടിന്റെ കതകും കുത്തിപ്പൊളിച്ചതായി കണ്ടെത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പൊളിച്ച നിലയിൽ കണ്ടെത്തിയ കതകിന്റെ ഭാഗത്തുനിന്ന് വിരലടയാളങ്ങൾ ലഭിച്ചിട്ടുണ്ട്. കൃത്യം നടത്താൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനായിട്ടില്ല. മണ്ണന്തല പൊലീസ് അന്വേഷണം ആരംഭിച്ചു.