ആലപ്പുഴ: ഒരു പൂച്ചയെ കാണാതായാൽ പൊലീസ് അന്വേഷിക്കുമോ? അഥവാ അന്വേഷിച്ചാൽ തന്നെ എതറ്റം വരെ പോകും? ചോദ്യം കേരള പൊലീസിനോട് ആണെങ്കിൽ അവർ പറയും 'ഞങ്ങൾ ഏതറ്റം വരെയും പോകും'. ആലപ്പുഴ നോർത്ത് പൊലീസ് മോഷണം പോയ നാല് പൂച്ചകളെ കണ്ടെത്താനായി സ്പെഷ്യൽ സ്കോഡിനെ രൂപീകരിച്ചു. കൃത്യം 20ാം ദിവസം പൊന്നോമനകളായ പൂച്ചകളെ ഉടമസ്ഥന് തിരികെ നൽകി.
കള്ളന്മാരെ പിടികൂടി റിമാൻഡും ചെയ്തു. തോണ്ടൻകുളങ്ങര സ്വദേശി ഹനീഫ മൻസിലിൽ റഷീദിന്റെ തായ്ലൻഡ് പൂച്ചകളെ കണ്ടെത്തിയാണ് ആലപ്പുഴ നോർത്ത് പൊലീസ് വൈറലായത്. ഇത്തരം പൂച്ചക്കുഞ്ഞുങ്ങൾക്ക് 40,000 മുതലാണ് വില. വലിയ പൂച്ചകൾക്ക് അറുപതിനായിരത്തിന് മുകളിൽ നൽകണം.
കഴിഞ്ഞ മാസം 13നാണ് സംഭവങ്ങളുടെ തുടക്കം. അന്ന് പുലർച്ചയോടെ വീടിന് പുറത്തെ കൂടിന്റെ പൂട്ട് തകർത്ത് രണ്ട് പേർ നാലു പൂച്ചകളെ
മോഷ്ടിച്ചു. രാവിലെ തന്നെ റഷീദ് സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നൽകി. പൊലീസ് അന്വേഷിക്കുമെന്ന പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. എന്നാൽ നോർത്ത് സി.ഐ വിനോദിന്റെ നിർദേശപ്രകാരം എസ്.ഐ ടോൾസൺ പി. ജോസഫിന്റെ നേതൃത്വത്തിൽ ഒരു അന്വേഷണ സംഘം രൂപീകരിച്ചു. തൊട്ടടുത്ത ദിവസം സമീപത്തെ വീട്ടിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കള്ളൻമാരുടെ വ്യക്തമല്ലാത്ത രൂപം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചേർത്തല സ്വദേശി കണ്ണൻ ദത്തൻ (30), പഴവീട് സ്വദേശി വിഷ്ണു (28) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇരുവരും ഇപ്പോഴും റിമാൻഡിലാണ്. കണ്ണന്റെ വീട്ടിലായിരുന്നു പൂച്ചകളെ ഒളിപ്പിച്ചിരുന്നത്. വിലകൂടിയ പൂച്ചകളാണെന്ന് മനസിലാക്കി വിൽക്കാനായി മോഷ്ടിച്ചതാണെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്.
തിരിച്ചുകിട്ടിയ പൂച്ചകളെ അന്ന് തന്നെ റഷീദ് അടുത്തുള്ള മൃഗാശുപത്രിയിലെത്തിച്ചു. നല്ല ഭക്ഷണം ലഭിക്കാത്തതിനാൽ രോമങ്ങളെല്ലാം കൊഴിഞ്ഞ് ക്ഷീണിച്ച അവസ്ഥയിലായിരുന്നു. ഇപ്പോൾ വൈറ്റമിൻ അടക്കമുള്ള മരുന്നുകളൊക്കെ കഴിച്ച് സുഖചികിത്സയിലാണ് മാർജ്ജാരന്മാർ. കൊവിഡ് തിരക്കുകൾക്കിടയിലും പൂച്ചകൾക്ക് പിന്നാലെ പോയത് എല്ലാ കേസുകൾക്കും ഒരേ പ്രാധാന്യം നൽകുന്നതിനാലാണെന്ന് എസ്.ഐ ടോൾസൺ ജോസഫ് പറഞ്ഞു. സി.പി.ഒമാരായ ബിനു, സാഗർ, ബിനോജ്, ലാലു, അലക്സ്,വിഷ്ണു, പ്രവീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
.....................................
ഭക്ഷണത്തിന് മാത്രം മാസം 10,000 രൂപ
വിദേശത്ത് എൻജിനിയറിംഗ് കമ്പനിയിൽ ജോലി ചെയ്തിരുന്ന റഷീദ് എട്ട് വർഷം മുമ്പാണ് ഒന്നേകാൽ ലക്ഷം രൂപയ്ക്ക് തായ്ലൻഡിൽ നിന്നു രണ്ട് വയസുകാരായ സ്നോബെല്ലിനെയും, ടെസയെയും കേരളത്തിലെത്തിച്ചത്. ഫെലീൻ ഇനത്തിൽപ്പെട്ടവയാണ് പൂച്ചകൾ. അന്ന് പൂച്ചകൾക്ക് പാസ്പോർട്ട് അടക്കം എടുക്കേണ്ടി വന്നു. ഇപ്പോൾ രണ്ടാൾക്കും പത്ത് വയസുണ്ട്. ഇവർക്ക് രണ്ട് കുഞ്ഞുങ്ങളുമുണ്ട്. ഈ നാല് പൂച്ചകളെയുമാണ് മോഷ്ടിച്ചത്. പ്രത്യേക പാക്കറ്റ് ഭക്ഷണമാണ് ഇവ കഴിക്കുന്നത്. ഇതിന് മാസം പതിനായിരം രൂപയോളമാകും.